ഇത്തിത്താനം ഗജമേള.

റെയ്ബാൻ ഗ്ലാസ്സും വെച്ച് പാന്റ്സും ഷൂസ് ഒക്കെ  ആയി കാരക്കോലുമായി അകത്തു നിന്ന് ചാടി ഇറങ്ങുന്ന ആളെ കണ്ടപ്പോ ആരും അതിശയിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.ഇതാരാടാ ഈ ഫ്രീക്കൻ ചട്ടക്കാരൻ .....................

ഇത്തിത്താനം  ഗജമേള.

ചങ്ങനാശ്ശേരിയിലെ ഇത്തിത്താനത്തു ഇളങ്കാവിലമ്മയുടെ സന്നിധിയില്‍ നടക്കുന്ന പ്രസിദ്ധമായ ഗജമേള ആന പ്രേമികള്‍ എല്ലാവര്‍ക്കും സുപരിചിതമാണ്.ശക്തന്റെ നാട്ടിൽ  നിന്നും ഇങ്ങു തിരുവിതാംകൂറിന്റെ നാട്ടിൽ നിന്നും അഴകും നിലവും ഒത്തു ചേർന്ന കേമന്മാരായ ഗജവീരന്മാർ പങ്കെടുക്കുന്ന ഒരു ഗജമേള.

ഒരു 10 വര്‍ഷങ്ങള്‍ക്ക് മുന്നേ ആണ്. ചേര്‍ത്തലയില്‍ പൂച്ചാക്കല്‍ ഇടപ്പങ്ങഴി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവം.ചിറ്റ താമസിക്കുന്നത് അവിടെയാണ് .അച്ഛനും അമ്മയും അനിയനും രാവിലെ തന്നെ അവിടേക്ക് പോയി ഉത്സവം കാണാന്‍. അന്ന് അവിടെ വല്ല്യ വിളക്കായിരുന്നു.ഞാന്‍ അന്ന് ഫോട്ടോ കളര്‍ ലാബില്‍ ജോലി ചെയ്യുന്നു.എന്തോ കാരണവശാല്‍  ലീവ് എടുക്കാന്‍ സാധിക്കാത്തത് കാരണം എനിക്ക് അവരുടെ കൂടെ പോകുവാന്‍ സാധിച്ചില്ല.

അന്ന്  അവിടെ പേരുകേട്ട ഗജ  വീരന്മാരെയാണ്  ആണ് എഴുന്നള്ളിക്കുന്നത് (ഇന്ന് അങ്ങനെയല്ല ,ആനോള്‍ടെ  എണ്ണം കുറച്ചു എന്ന് തോന്നുന്നു).മംഗലാംകുന്ന് അയ്യപ്പന്‍, കര്‍ണ്ണന്‍,ചെമ്പൂത്തറ ദേവീദാസന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍,പള്ളത്താംകുളങ്ങര ഗിരീശന്‍.തുടങ്ങിയ എണ്ണം പറഞ്ഞ ഗജവീരന്മാരുടെ ഒരു നിര തന്നെ ആയിരുന്നു അവിടെ.

ഉച്ചക്ക് 12 മണി ആയപ്പോള്‍ അനിയന്‍ വിനീതിന്‍റെ ഒരു  കാള്‍ ,നീ ഇത്തിത്താനം വരണ്ടോ നാളെ? ഞാന്‍ ചോദിച്ചു നിനക്ക്പ്രാന്ത് ആയോ എന്ന് .അവന്‍ പറഞ്ഞു മംഗലാംകുന്ന് അയ്യപ്പന്‍ ആന ഇവിടെ നമ്മുടെ വീട്ടിലുണ്ട്.രാജേട്ടന്‍ പറഞ്ഞു നാളെ അവര്‍ക്ക്‌ അങ്ങട്ടെയ്ക്കാ പരുപാടി.വേണേല്‍ വന്നോളൂ ,നല്ല പരുപാടിയാ പോകുമ്പോള്‍ നമുക്ക്‌  ഒന്നിച്ചു ലോറിയില്‍ പോവാം. വരുമ്പോള്‍ ആലുവയില്‍ ഇറക്കാം എന്ന്.ഞാന്‍ മനസ്സില്‍ ആലോചിച്ചു ഒന്ന് കാണുവാന്‍ ആഗ്രഹിച്ച പരുപാടിയാണ്,കിട്ടിയ ഒരു അവസരം കളയണ്ട ഒന്നു പോയേക്കാം.ഞാന്‍ അവനോടു പറഞ്ഞു.ശരി പോകാം.ശ്രീക്കുട്ടനോ മറ്റാരെങ്കിലുമോ വരണ്ടോ എന്ന് ഒന്ന് ചോദിക്കട്ടെ. മിക്കവർക്കും തിരക്കായതു മൂലം ഞാനും കണ്ണനും കൂടി പോകാം എന്നു വിചാരിച്ചു.

ഉച്ചക്ക് ശേഷം കള്ളത്തരമൊക്കെ അഭിനയിച്ച് ലീവ് എടുത്തു.അങ്ങോട്ടേക്ക് പോവാനുള്ള പൈസയൊക്കെ ഒരു കണക്കിന് ഒപ്പിച്ചു അവിടേക്ക് യാത്ര തിരിച്ചു.
ഒരു 4 മണിയോടു കൂടി ഞങ്ങൾ അവിടെ എത്തിച്ചേർന്നപ്പോൾ കാഴ്ച്ച ശീവേലി തുടങ്ങിയിരുന്നു. ബന്ധുവീട്ടിൽ നിന്ന് കടുപ്പത്തിലുള്ള ഒരു ചായയൊക്കെ കുടിച്ച് തിരിച്ചു വന്നുഎഴുന്നള്ളിപ്പ്  കുറച്ചു നേരം കണ്ടു.
ഏകദേശം 6 മണി ആയപ്പോൾ ശ്രീക്കുട്ടൻ വിളിച്ചു പറഞ്ഞു ഞാൻ വരുന്നുണ്ട് എന്ന്. 8.30 ആയപ്പോള്‍ കാഴ്ചശീവലി കഴിഞ്ഞു അയ്യപ്പനോടൊപ്പം തിരിച്ചു വീട്ടിലേക്ക് പോന്നു.അപ്പോഴേക്കും ശ്രീ കുട്ടൻ വന്നു, കൂടെ മുരളിച്ചേട്ടനും.
ഒരോ കാര്യങ്ങൾ സംസാരിച്ചിരിക്കുന്ന നേരത്താണ് പെട്ടെന്ന് എന്റെ വായിൽ നിന്ന് ഒരു കാര്യം വീണത്. ഞാൻ, അനിയൻ, കണ്ണൻ, ശ്രീക്കുട്ടൻ, മുരളിച്ചേട്ടൻ, ആനക്കാർ 3പേർ, ലോറിയുടെ ഡ്രൈവർ. ആകെ 9 പേർ, എല്ലാവരും കൂടി എങ്ങനെ ഇരിക്കും? ഉടനെ ശ്രീക്കുട്ടൻ ചാടിക്കയറി പറഞ്ഞു,അത് സാരല്യ ഞാൻ ലോറിയുടെ മേളിൽ കിടന്നോളാമെ,ഉടനടി രാജേട്ടന്റെ മറുപടി അത് വേണ്ട (ഒന്ന് രണ്ടു കാര്യങ്ങൾ പറയുന്നില്ല ) അകത്തിരുന്നാല്‍ മതി നമ്മൾ മാത്രമല്ല ,മറ്റുള്ള ആനകളും അങ്ങോട്ടേക്കാണ്.അപ്പോളാണ് സമാധാനമായത്.
അൽപ നേരം കഴിഞ്ഞു രാത്രിയിലെ എഴുന്നള്ളിപ്പ് തുടങ്ങി,ഏകദേശം 12 മണിയോടുകൂടി എഴുന്നള്ളിപ് കഴിഞു ആനയെ ഒന്ന് കിടത്തി.രാജേട്ടന്‍ പറഞ്ഞു എന്തായാലും കുറച്ചു കഴിഞ്ഞേ നമ്മൾ ഇവിടെ നിന്ന് തിരിക്കൂ,അത്രേം നേരമെങ്കിലും ഒന്ന് കിടന്നോട്ടെ .
സമയം പുലർച്ചെ രണ്ടര,കൂടെ ഉള്ള ആലുവ ശിവനോട് ആനയെ തട്ടി വിളിച്ചോളാൻ പറഞ്ഞു.എല്ലാവരും റെഡിയായി,അപ്പോളാണ് ഇത്തിത്താനത്തേക് പോകാം എന്ന് പറഞ്ഞ ഇമ്മടെ അനിയൻ ഉറക്ക പ്രാന്ത്‌ മൂത്ത് ഞാൻ വരണില്യ ഇങ്ങള് പൊയ്ക്കോളൂ എന്ന് പറഞ്ഞത്.ഇറങ്ങാന്‍ നേരത്തു അച്ഛന്റെ വക ഒരു ഉപദേശവും പിള്ളേരെ ഒന്ന് നോക്കിക്കോളാൻ രാജേട്ടൻ പറഞ്ഞു ഹേ അതൊന്നും കുഴപ്പല്യഎന്റെ കൂടെയല്ലേ എന്ന് (ഈ വാചകം ഒന്ന് ഓർത്തോളൂ).

അങ്ങനെ കാണുവാൻ ആഗ്രഹിച്ച ഇത്തിത്താനം ഗജമേളക് പങ്കെടുക്കുവാൻ ഞങ്ങൾ അവിടെ നിന്ന് യാത്ര തിരിച്ചു. ഞാൻ ശ്രീക്കുട്ടൻ,മുരളിച്ചേട്ടൻ എന്നിവർ അയ്യപ്പന്റെ കൂടെയും ശ്രീക്കുട്ടന്റെ അനിയൻ കണ്ണൻ കർണ്ണന്റെ കൂടെയും ലോറിയില്‍. അയ്യപ്പൻ,കർണ്ണൻ പള്ളത്താംകുളങ്ങര ഗിരീശൻ അങ്ങനെ മൂന്നാലു ആനകൾ ഒന്നിച്ചാണ് അങ്ങോട്ടേക്ക് യാത്ര തിരിച്ചത് എടപ്പങ്ങഴിയിൽ നിന്ന് .

അന്നാണ് ഒരു ആനലോറി ഓടിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലായത്. വണ്ടി ഓടിച്ചിരുന്നത് കുറുപ്പന്തറ ബെന്നി ചേട്ടൻ ആയിരുന്നു.വെള്ളം വണ്ടി അതായത് ടാങ്കർ ലോറി ഓടിക്കുന്നവർക്കു ഒരു പക്ഷെ  ആന ലോറി ഓടിക്കാൻ എളുപ്പമായിരിക്കും.

പുലര്‍ച്ചെ  ഞങ്ങൾ ചങ്ങനാശ്ശേരിയിൽ എത്താറായി.വഴിമധ്യേ കുറച്ചു ചെറുപ്പക്കാർ അവരുടെ വെള്ളയും കാവിയും ആയിട്ടുള്ള ഒരേപോലത്തെ ഡ്രസ്സ് കോഡ് കണ്ടപ്പോൾ മനസിലായി അവര്‍  അവിടത്തെ  ഒരു വിഭാഗം കമ്മിറ്റിക്കാർ ആണെന്ന്.വണ്ടി തടഞ്ഞു അവർ ചോദിച്ചു ഇത് കർണ്ണൻ ആണോ എന്ന് .ബെന്നി ച്ചേട്ടൻ പറഞ്ഞു അല്ല ഇത് അയ്യപ്പൻ ആണ്,കർണ്ണൻ പിറകെ വരണ്ട് എന്ന്.എടുത്തവഴിക്കു അവരുടെ മറുപടി ,അയ്യേ ,എന്നാ പൊക്കോളൂ.

വണ്ടി നേരെ മുന്നോട്ട് ,ഒടുവിൽ ഇത്തിത്താനത്തിന്റെ മണ്ണിൽ എത്തി,ആന യുടെ വണ്ടി വരുന്നത് കണ്ടു ആൾക്കാരൊക്കെ ലോറിയുടെ അടുത്തേക് വന്നു,അതിനിടയിൽ ആരോ പറയുന്നതായിരുന്നു ,ഡാ നമ്മുടെ അയ്യപ്പൻ വന്നടാ ,പൊളിക്കടാ  എന്നൊക്കെ..അതെ അതുതന്നെയാണ് അവിടത്തെ വികാരം............

ലോറി നിർത്തിയശേഷം ക്യാബിന്റെ ഉള്ളിൽ നിന്നും ആദ്യം പുറത്തേക്കിറങ്ങിയത് ശ്രീക്കുട്ടൻ.റെയ്ബാൻ ഗ്ലാസും,പാന്റ്സുമൊക്കെ ധരിച്ചു ചാടി ഇറങ്ങുന്ന ആളെ കണ്ടപ്പോൾ അതിശയപ്പെട്ടു എല്ലാവരും

രാജേട്ടൻ,ആനയെ ലോറിയിൽ നിന്നിറക്കി പിറകിൽ കർണ്ണനും വന്നു,
ഓരോ ദേശക്കാരുടെ വകയാണ് ഓരോ ആനകളും,അയ്യപ്പനെ വന്നപാടെ ഒരു കമ്മിറ്റിക്കാർ കൊണ്ട് പോയി.രാജേട്ടൻ കർണ്ണന്റെനാരായണേട്ടനോട് പറഞ്ഞു പിള്ളേരെ നോക്കിക്കോളാൻ.കർണ്ണൻ ദേവസ്വം ആന,അങ്ങനെ എന്തോ അവിടെ പറയുന്നത് കേട്ടു,അത് കൊണ്ട് പുറത്തേക് കുംഭഘോഷയാത്രയ്ക് ഒന്നും പോവേണ്ട അവിടെ തന്നെ നിന്നാൽ മതി.ഉച്ചക് മാത്രേ എഴുന്നള്ളിപ്പ് ഉള്ളൂ.നാരായണേട്ടൻ അവിടത്തെ കമ്മിറ്റിക്കാരെ വിളിച്ചു പറഞ്ഞു പിള്ളേർക് ഒന്ന് ഫ്രഷ് ആകാനുള്ള സൗകര്യം ചെയ്തുകൊടുക്കാവോ ഇവര്‍ എറണാകുളത്തു നിന്ന്  വന്നവർ ആണെന്നൊക്കെ പറഞ്ഞു .ഫ്രഷ് ആയശേഷം നാരായണേട്ടനോട് ഇപ്പോൾ വരാം,ഇവിടെ ഒന്ന് കറങ്ങിയിട്ടു വരട്ടെ എന്ന് പറഞ്ഞു നടന്നു നേരെ എത്തിയത് ഇമ്മടെ താരം രായപ്പന്റെ മുന്നിൽ.ഞങ്ങളെ കണ്ടപ്പോൾ രായന്റെ ഒന്നാമൻ സുധി ,അടുത്ത് വന്നു പറഞ്ഞു ,ഇവിടേം എത്തിയല്ലേ?
പിന്നെ രായപ്പന്റെ കൂടെ ആയിരുന്നു. 
ക്ഷേത്രവളപ്പിൽ നിന്ന് പുറത്തേക്കിറങ്ങി അൽപം നീങ്ങി ഒരു കമ്മിറ്റിയുടെ ആനകൾ നിൽക്കുന്നുണ്ടായിരുന്നു. ഒരാന പുത്തൻകുളം അർജുനൻ ആയിരുന്നു എന്ന് തോന്നുന്നു. ബാക്കി 2 ആനകളെ ഓർമ്മയില്ല. മൈക്കിൽ കൂടിയുള്ള അനൌന്‍സ്മെന്റ് ആയിരുന്നു  ഞങ്ങളെ അതിനടുത്തെക്‌ അടുപ്പിക്കാന്‍ ഉള്ള കാരണം.അവിടെ ലേലം വിളി നടക്കുകയാണ് ആനപ്പുറത്ത്‌  കയറാൻ. കോലം പിടിക്കുവാൻആണ് ലേലത്തില്‍ പങ്കെടുക്കുന്ന കൂടുതൽ ആളുകള്‍ക്കും താല്പര്യം.കൂടിയ പൈസക്ക്  ആര് വിളിക്കുന്നോ ആ ആൾക്ക് ലേലം ഉറപ്പിക്കാം(അന്ന് കണ്ട കാഴ്ചആയിരുന്നു  ഇന്നത്തെ അറിയില്ല )..
അപ്പോളേക്കും ശ്രീക്കുട്ടനും മുരളി ച്ചേട്ടനും തിരിച്ചു പോരാനുള്ള തയാറെടുപ്പിലാണ്.അല്പം കഴിഞ്ഞു അവര്‍ പോന്നു .ഞാനും കണ്ണനും എന്തായാലും അവിടെ നില്‍കാന്‍ തീരുമാനിച്ചു.ഇവിടേം വരെ വന്നിട്ട് എങ്ങനെയ ഗജമേള കാണാതെ പോകുന്നത്.കൂട്ടിയെഴുന്നള്ളിപ്പിനു നില്കണ്ട ഗജമേള കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും ട്രെയിനില്‍  ആയാലും പോകാം, എന്ന് ഞാന്‍ അവനോട് പറഞ്ഞു.

ഞങ്ങള്‍ ക്ഷേത്രത്തിന്റെ അകത്തേക് വന്നപ്പോള്‍ പിറകില്‍ നിന്ന് ഒരു വിളി നായരമ്പലത്തെ കണ്ണനും സുഭാഷ്‌ ചേട്ടനും ആണ്.ബാലന്‍ മാഷിന്റെ ചമയത്തിന്റെ കൂടെ വന്നതാ അവര്‍ .അവര്‍ പറഞ്ഞു വേണേല്‍ കൂടെ കൂടിക്കോളൂ ചമയം എടുത്തു കൊടുക്കാന്‍.പരിപാടി കഴിഞ്ഞു നാളെ ഒന്നിച്ചു പോകാം ,പോകുന്ന വഴിക്ക്‌ എളങ്കുന്നപ്പുഴ ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങാം.ഗജമേള കഴിഞ്ഞു എങ്ങനെയെങ്കിലും പോകാം എന്ന് വിചാരിച്ച ഞങ്ങള്‍ ഹാപ്പിയായി.

അപ്പോളേക്കും ഓരോ കമ്മിറ്റിക്കാരുടെ കാവടി ഘോഷയാത്രകളും,എഴുന്നള്ളിപ്പ് ഒക്കെ ക്ഷേത്ര സന്നിധിയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങീ .

വൈകീട്ട് ഗജമേളയ്ക്ക് തയ്യാറായി ആനകള്‍ എല്ലാം  അണിനിരന്നു.
പതിവ് പോലെ മറ്റുള്ള ആനകളെ എല്ലാരെയും പിന്നിലാക്കി ഉയരപ്പെരുമയില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും സൗന്ദര്യത്തിന്റെ മൂര്‍ത്തീ ഭാവമായി പാമ്പാടി രാജനെയും തിരഞ്ഞെടുത്തു .(പട്ടങ്ങളുടെ പേര് ഞാന്‍ ഇവിടെ എഴുതുന്നില്ല).

പിന്നെ അവിടെ നടന്നത് രണ്ടാം സ്ഥാനത്തേക്ക്‌ വിജയിച്ച ഗജവീരന്മാരുടെ ആരാധകരുടെ വികാര പ്രകടനങ്ങൾ. കര്‍ണ്ണന്‍ വിജയിച്ചു എന്നും പിന്നീട് അത് മാറ്റിഅയ്യപ്പന്‍റെ പേര് പറഞ്ഞതും വിവാദങ്ങള്‍ ആയി .
ഗജമേള കഴിഞ്ഞു ആനകള്‍ തലേകെട്ടു കെട്ടാന്‍ ആയി വരുമ്പോള്‍ ആണ് ഒരാള്‍ ഞങളെ കാണുന്നത് .നല്ല അസ്സല്‍ ചീത്ത വിളി,അയ്യപ്പന്‍റെ രാജേട്ടന്‍,രാവിലെ കണ്ട ശേഷം പിന്നെ അപ്പോഴാണ് ഞങ്ങളെ കാണുന്നത്,എവിടെ ആയിരുന്നു നിങ്ങള്‍,മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാന്‍ ആയി എന്നൊക്കെ സ്നേഹത്തിന്റെ ഭാഷയില്‍ ..ഇനിയെങ്കിലും ഈ ഭാഗത്ത് ഉണ്ടാവണം,ഇങ്ങോട്ടും പോവരുതെ എന്നോകെ.
എഴുന്നള്ളിപ്പ് തുടങ്ങീ ,ചമയം ഒക്കെ എടുത്തു വെച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങൾ ഫ്രീ ആയി.ആനകളുടെ പിറകില്‍ ഇങ്ങനെ സംസാരിച്ചു നില്‍കുമ്പോള്‍ ആണ് ഒരാള്‍ വിളിക്കുന്നത്.നെല്ലുവായ പ്രകാശന്‍.ആള്‍ തിരുവമ്പാടി ശിവസുന്ദര്‍ ആയിട്ട് അവിടെ ഉണ്ടായിരുന്നു.അടുത്തേക്ക്‌ വരാന്‍ പറഞ്ഞു വിളിച്ചു.ആനയുടെ അടിയിലേക്ക്‌ ചെന്ന ഞാന്‍ എന്തോ പെട്ടെന്ന് വായും പൊളിച്ചു നിന്നപ്പോള്‍ ,ഇയ്യ് അവിടെ ഇരി അല്ലേല്‍ ആനോള്‍ടെ വയറിന്റെ ഇടയില്‍ പെട്ട് മുഖം ചമ്മന്തിയാകും .അപ്പോളാ ഓര്‍ത്തത്‌ ഞാന്‍ നില്‍കുന്നത് രണ്ടു ആനകളുടെ ഇടയില്‍ ആണ്. ആനകള്‍ തമ്മില്‍ കൂട്ടി മുട്ടുമ്പോള്‍ വയുടെ വയറിന്റെ ഇടയില്‍ പെടും അതാ ആള്‍ അങ്ങനെ പറഞ്ഞത്.
പരുപാടി കഴിയാറായപ്പോഴാണ്  ആറ്റക്കരയുടെ ഡയലോഗ് ,കുട്ട്യേ ആ അമരത്തിലെ ചങ്ങല ഒന്ന് ഇളക്കി ഇടൂ,ആന കര്‍ണ്ണന്‍ ആയത് കൊണ്ട് ഭയം തോന്നിയില്ലെങ്കിലും അല്പം നീരസത്തോടെ ചെയ്തു.

രാത്രി അത്താഴം കഴിഞ്ഞു എല്ലാരും കൂടി ആനക്കഥകള്‍ പറഞ്ഞു രസിച്ചിരുന്നു .അന്ന് ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാളെ മറക്കാന്‍ പറ്റില്ല്യ കദളി ബാബുവേട്ടന്‍.

രാത്രി എഴുന്നള്ളിപ്പിന് എത്ര പ്രദക്ഷിണം ഉണ്ടായിരുന്നു ഓര്‍മ്മയില്ല. എന്തായാലും നാലഞ്ചു പ്രദക്ഷിണം കഴിഞ്ഞപോഴേക്കും രാജന്‍ നടക്കാനുള്ള തന്റെ മടി കാണിച്ചു തുടങ്ങി. അടുത്ത പ്രദക്ഷിണം നടന്നു വരുന്ന രായപ്പന്‍ കാണുന്നത് ക്ഷേത്രത്തിന്റെ സൈഡില്‍ കിടക്കുന്ന എസ് വി വി ലോറിയാണ് .പിന്നെ ആള്‍ ഉഷാറായി. .അപ്പോളേക്കും ചെറിയ ചാറ്റല്‍ മഴയും തുടങ്ങി.

പരുപാടി കഴിഞ്ഞു  ചമയങ്ങള്‍ എല്ലാം അഴിച്ചു വാനില്‍ കയറ്റി ഇളങ്കാവിലമ്മയെ തൊഴുതു അവിടെ നിന്ന് തിരിച്ചു പുലര്‍ച്ചെ നാലു മണിയോടെ എളങ്കുന്നപ്പുഴ ബസ്‌ സ്റ്റോപ്പില്‍ ഞങ്ങള്‍ എത്തി.ഒരു ഫോര്‍മാലിറ്റിയുടെ ആവശ്യം ഇല്ലെങ്കിലും അവര്‍ക്ക്‌ ഒരു നന്ദിയും പറഞ്ഞു ഞങ്ങള്‍ രണ്ടു പേരും വീട്ടിലേക്ക്‌ നടന്നു .

നല്ല നല്ല അനുഭവങ്ങള്‍ സമ്മാനിച്ച ഒരു യാത്ര.കണ്ടതും കേട്ടതും അനുഭവിച്ചതുമായി  ഒട്ടേറെ മറക്കാനാവാത്ത ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍.പിന്നീട് ഇന്നാളുവരെ ഇങ്ങനെയൊരു യാത്ര തരപെട്ടിട്ടില്ല്യ.ഇന്ന് ഇവരാരുമായിട്ടും വല്ല്യ അടുപ്പം ഇല്ല .(ചമയക്കാര്‍ അല്ലാട്ടോ)മണ്ണാര്‍ക്കാട്‌ രാജേട്ടനെ ഒന്ന് കണ്ടിരുന്നു രണ്ടു കൊല്ലം മുന്നേയാണ് എന്ന് തോന്നുന്നു തുറവൂരില്‍ വെച്ചു.വിശേഷങ്ങള്‍ പറഞ്ഞു .(അതിനു മുന്നേ ഞങ്ങള്‍ ഒന്ന് ചെര്‍പ്പുളശ്ശേരി പോയിരുന്നപ്പോള്‍  കണ്ടിരുന്നു.നെല്ലുവായ ആയിട്ടുള്ള സൗഹൃദം ഇപ്പോളും തുടരുന്നു.ആറ്റക്കര ഇപ്പോള്‍ ആനയില്‍ ഇല്ല.കദളി ബാബു ആളും ഇപ്പൊ ഇല്ലാ.. അപ്പോള്‍ തല്‍ക്കാലം നിര്‍ത്തുന്നു.ഒരു അനുഭവം പങ്കുവെച്ചു അത്ര മാത്രം.നിങ്ങളെ ബോറടിപ്പിച്ചെങ്കില്‍ കഷമിക്കുക.അതല്ല ഇഷ്ടപെട്ടെന്കില്‍ അഭിപ്രായം പറയാന്‍ മടി കാണിക്കരുത് .
ഹര ഹരോ ഹര ഹര


Comments

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി