കരനാഥന്റെ തിരുവുത്സവം

കുട്ടിക്കാലത്ത്‌ ഉത്സവം കഴിഞ്ഞുള്ള  കുറച്ചു ദിവസങ്ങള്‍ ഞാനും ശ്രീക്കുട്ടനും  ക്ഷേത്രത്തിന്റെ വടക്ക് വശത്തുള്ള സ്റ്റേജില്‍ പോയി  ഇരുന്നു കരയുന്ന സമയം ഉണ്ടായിരുന്നു.ഇന്നലെ വരെ ഒച്ചയും അനക്കവും ആയി നടന്ന ഒരു പ്രദേശം  പെട്ടെന്ന് ഒരു ദിവസം  തീര്‍ത്തും നിശബ്ദമാകുമ്പോള്‍ എല്ലാവര്‍ക്കും ഉണ്ടാവുന്ന ഒരു വിഷമം.ക്ഷേത്രത്തിന്റെ തൊട്ടു മുന്നില്‍ തന്നെ താമസിക്കുന്നത് കൊണ്ട് ഉത്സവം പത്തു ദിവസം കഴിയുന്നത് അറിയില്ല.

വൈകീട്ട് അഞ്ചു മണിക്ക് നട തുറക്കുമ്പോള്‍ പാട്ട് വെയ്ക്കാറുണ്ട്.അതില്‍ വടക്കും നാഥാ സര്‍വ്വം സര്‍വ്വം നടത്തും നാഥ, ത്രിപ്പങ്ങോട്ടപ്പ എന്നീ  പാട്ടുകള്‍  കേള്‍ക്കുമ്പോള്‍ എന്താ കാരണം എന്നറിയില്ല,പക്ഷെ  മനസ്സിലേക്ക് ശിവകുമാറും ഗിരീശനും ഗോവിന്ദനും ഉള്‍പ്പെടെ ഉത്സവ കാര്യങ്ങള്‍ ഓടി വരും.ഒരു പക്ഷെ ദേവസ്വം ആനകള്‍ വന്നിരുന്ന സമയംആയിരുന്നു അക്കാലം.ശിവകുമാര്‍,ഗോവിന്ദന്‍,തമ്പുരാന്‍  നാരായണന്‍,ഗിരീശന്‍ എന്നീ ആനകള്‍ എല്ലാം  ഈ സമയത്ത് ഇവിടത്തെ  താരങ്ങള്‍ ആയിരുന്നു . 
മേളക്കാര്‍ ,ആനക്കാര്‍, മറ്റുള്ളവര്‍  എന്നിവരോടോകെ  ചെലവഴിക്കുന്ന   മനോഹരമായ നിമിഷങ്ങള്‍, ഉത്സവത്തിന്റെ ആറാം ദിവസം മുതല്‍ പഠിച്ചിരുന്ന സ്കൂളിന് അവധി.ആറാം ദിവസം മുതല്‍ രാത്രി പറയ്ക്ക്‌  പോയി  പിറ്റേ ദിവസം പുലര്‍ച്ചെ വന്ന ശേഷം  നടക്കുന്ന  തലേ ദിവസത്തെ വിളക്ക് ഒരു ഓട്ടപ്രദക്ഷിണം പോലെ കഴിച്ചുകൂട്ടുന്നതുമൊക്കെ ഇന്നും  മനസ്സില്‍ നിന്ന് മായാതെ നില്‍കുന്ന സുഖമുള്ള ഓര്‍മ്മകള്‍ ആണ്.

അന്നൊക്കെ ഞങ്ങള്‍  ഉത്സവം തീരാതെയിരുന്നാല്‍ മതിയായിരുന്നു  എന്നൊക്കെ പറയുമ്പോള്‍  അച്ഛന്‍ പറയാറുണ്ട്, നിനക്ക് ഒക്കെ ഇങ്ങനെ നടന്നാല്‍ മതിയല്ലോ.എങ്ങനെഎങ്കിലും  പത്തു ദിവസം കുഴപ്പങ്ങള്‍ കൂടാതെ കഴിച്ചു കൂട്ടിയാലേ സമാധാനമുള്ളു.ഉത്സവത്തിന് പത്ത്‌ ദിവസം അച്ഛന്‍ ലീവ് ആയിരിക്കും.മുഴുവന്‍ സമയവും ക്ഷേത്രത്തില്‍ ഉണ്ടാകും.

വര്‍ഷങ്ങള്‍ പിന്നിട്ട് വീണ്ടും ഒരു  ഉത്സവം വരുമ്പോള്‍ അന്ന് അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് മനസ്സില്‍ തോന്നുന്നത്. പത്തു ദിവസം എങ്ങനെയെങ്കിലും കുഴപ്പങ്ങള്‍ ഒന്നും കൂടാതെ നല്ല രീതിയില്‍ അവസാനിച്ചാല്‍ മതി എന്ന  ചിന്തയിലേക്ക് മാറുന്നു. എന്തായാലും  നമ്മളും ഇതിലെ ഒരു ഭാഗം ആകുമ്പോള്‍ ആസ്വദിക്കാന്‍ പ്രയാസമുള്ള കാര്യാ. 

കഴിഞ്ഞ കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞങ്ങള്‍ കുറച്ചു പേര്‍ ചെന്ന് ഒരു സംഘടന രൂപീകരിച്ചു.ഭക്തസ്കന്ദ എളങ്കുന്നപ്പുഴ.പണ്ട് കാലത്ത് പ്രൌഡിയോടെ  നടന്നിരുന്ന എളങ്കുന്നപ്പുഴ തേവരുടെ ഉത്സവം ഇടക്കാലം കൊണ്ടു അല്പം മങ്ങി. ഉത്സവം വീണ്ടും പൂര്‍വാധികം ഭംഗിയാക്കുക  എന്നൊരു ഉദ്ദേശത്തോടുകൂടി തുടങ്ങിയതാണ് ഞങ്ങളുടെ ഈ സംഘടന .ഉത്സവത്തിന് പല പരിപാടികളും പ്ലാന്‍ ചെയ്തെങ്കിലും ഒടുവില്‍ അത് ആനയില്‍ ചെന്ന് എത്തി.അന്ന് തുടങ്ങി ഇന്ന് വരെ  ഇവിടത്തെ ആനയെഴുന്നള്ളിപ്പിനു സുപ്രധാനമായ ഒരു പങ്കു വഹിക്കാന്‍ ഞങ്ങള്‍ക്ക്‌ ആവുന്നുണ്ട്.

ഇനി ഇത്തവണത്തെ ഉത്സവം.

ദിവസങ്ങള്‍ക് മുന്നേ തന്നെ  തുടങ്ങുന്ന,ക്ലീനിംഗ്,പന്തല്‍ നിര്‍മാണം,പെയിന്റിംഗ്,പിന്നെ ലൈറ്റ്‌ @സൌണ്ട് ജോലികള്‍ ഇതൊക്കെ കാണുമ്പോഴേ  ഒരു സ്പെഷ്യല്‍ മൂഡ്‌ ഫീല്‍ ചെയ്യും.

ഇത്തവണത്തെ ഉത്സാവാദി  കാര്യങ്ങള്‍ എല്ലാം തന്നെ പതിവിലും ഭംഗിയായി.ഞങ്ങളില്‍ ചിലര്‍ ഇടയ്ക്കിടെ പറയാറുള്ള ഒരു കാര്യം ഉണ്ട്.നമ്മള്‍ ഒരു കാര്യത്തിനു ഇറങ്ങിത്തിരിച്ചാല്‍ തേവര്‍ നല്ല രീതിയില്‍ പരീക്ഷിക്കുന്ന പതിവുണ്ട്.പക്ഷെ എത്രയൊക്കെ കഷ്ടപ്പെടുത്തിയാലും കാര്യത്തിന്റെ അവസാനം എല്ലാം ഭംഗിയാക്കിത്തരും.ഇക്കുറി ഓഖീ യുടെ രൂപത്തിലും എഴുന്നള്ളിപ്പിന്റെ രൂപത്തിലും ഒക്കെ ആയി ഇടയ്ക്കിടെ തേവര്‍ ഒന്ന് പരീക്ഷിച്ചുനോക്കിയെങ്കിലും  അവസാനം  കാര്യങ്ങള്‍ എല്ലാം ഭംഗിയാക്കി തന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

കൊടിയേറ്റ് തലേ ദിവസം വൈകീട്ട് ശുദ്ധി യോടെ ചടങ്ങുകള്‍ ആരംഭിക്കും.പിറ്റേ ദിവസം രാവിലെ കളഭാഭിഷേകം. വൈകീട്ട് കൊടിക്കൂറ സമര്‍പ്പണം എന്നൊരു ചടങ്ങ് ഉണ്ട്.കൊടിക്കൂറ വഴിപാടായി സമര്‍പ്പിക്കുന്നവര്‍ വാദ്യമേള അകമ്പടിയോടെ ക്ഷേത്രത്തിനു ചുറ്റും ഒരു പ്രദക്ഷിണവുമായി   അകത്തേക്ക്‌ സമര്‍പ്പിക്കും.
തൃക്കൊടിയെറ്റ്

ദീപാരാധനക്ക് ശേഷം ആണ് കൊടിയേറ്റ്. ബ്രഹ്മശ്രീ പൊതിയില്‍ ചേന്നാസ്‌ ഗിരീശന്‍ നമ്പൂതിരിപ്പാട്‌  തൃക്കൊടിയേറ്റിയതോടെ  പത്തു ദിവസത്തെ ഉത്സവത്തിന് ആരംഭമായി.ചേന്നാസ്‌,കിഴക്കിനിമേക്കാട്ട് ,പൊതിയില്‍ ചേന്നാസ്‌ തുടങ്ങി 3 ഇല്ലക്കാര്‍ക്ക് ആണ് ഇവിടെ തന്ത്രം.മുന്‍പ്‌ കൂറ്റാലക്കാട് ഉണ്ടായിരുന്നു.തൃക്കോല്‍,കഴകം,അടിയന്തരം(ഉരുട്ട്ചെണ്ട)എന്നീ മൂന്ന് കൂട്ടര്‍ക്ക്‌ കാരായ്മ അവകാശം ആണ്
ദിവസേന അഞ്ചു പൂജ, മൂന്നു നേരം നിത്യ ശീവേലി.ഉത്സവക്കാലത്ത് ആറാം ദിവസം മുതല്‍ ക്ഷേത്രത്തിന്റെ നാല് ദിക്കില്‍ പുറ കൊടിയേറ്റ്.ഏഴാം ദിവസം നടക്കുന്ന  ചരിത്ര പ്രസിദ്ധമായ കച്ചേരിപ്പറ,കടലില്‍ നടക്കുന്ന ആറാട്ട് ഇതൊക്കെ ഇവിടത്തെ  പ്രത്യേകതയാണ്.തിരുവിതാംകൂര്‍ ശൈലി ആയിരുന്നു ആദ്യം ഇവിടെ ഉണ്ടായിരുന്നതെന്ന് പറയപ്പെടുന്നു.ആയതിനാല്‍ ആണ് മുഖമുദ്രയായി അനന്തനുംകൂടാതെ  പത്തു ദിവസത്തെ ഉത്സവവുമെല്ലാം വന്നത് എന്ന് പറയുന്നു.വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാളില്‍ ആണ് ആറാട്ട്‌.

രണ്ടാം ദിവസം മുതല്‍ ആണ് ആനകളെ വേണ്ടത്‌.നിത്യവും രാവിലെയും രാത്രിയും മൂന്നു ആനകള്‍ വീതം വേണം  എഴുന്നള്ളിപ്പിന്.
പണ്ട് തലേ ദിവസം മുതലേ കാത്തിരിക്കും ആനകള്‍ എത്താന്‍.ആനകളെ കണ്ടാലേ ഒരു സമാധാനമുള്ളൂ.
നിത്യ നിദാനം 
കുളിയും കഴിഞ്ഞു പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക്‌ നടന്നപോള്‍ ആദ്യം കണ്ട കാഴ്ച പോളക്കുളത്ത് ആനയെ കഴുകുന്നു.മറ്റു രണ്ടു ആനകള്‍ ഏതാണെന്ന് അറിയാന്‍
കച്ചേരിയില്‍ പോയി നോക്കിയപ്പോള്‍ ദേ നില്കുന്നു പരമുവും കാളകുത്തന്‍ കണ്ണനും.എന്തായാലും അപ്പോളെ മനസ്സില്‍ ഉറപ്പിച്ചു പത്തു ദിവസത്തെ ആനകള്‍ അടിപൊളി.പിന്നെ നിത്യമേളത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ,ഉഷാറാക്കാന്‍ ആയി നമ്മുടെ അനിയന്‍ മാരാരും ഹരീഷും ഗിരീഷുമൊക്കയാണ്.പിന്നെ ഇത്തവണ നമ്മുടെ അടിയന്തിരക്കാരന്‍ അപ്പുവും ചേര്‍ന്നിട്ടുണ്ട്.

പിന്നെ ഉള്ള ടെന്‍ഷന്‍ അഞ്ചാം ദിവസത്തെ  എഴുന്നള്ളിപ്പ്   ആണ്.തലേ ദിവസം ചമയ പ്രദര്‍ശനവും ഉണ്ട്.തിങ്കളാഴ്ച  ഉച്ചക് ശേഷം പെയ്ത മഴ ഞങ്ങളെയൊന്നു പേടിപ്പിച്ചു. മഴ ഭീഷണി ഉള്ളത് കൊണ്ട് അല്പം കരുതലോടെയായിരുന്നു പന്തല്‍ ഇട്ടതു.അത് കൊണ്ട് കുടമാറ്റത്തിന് കൊണ്ട് വന്ന കുടകള്‍ ഒന്നും  ചമയ പ്രദര്‍ശനത്തിന് ഉപയോഗിച്ചില്ല.
ചമയ പ്രദര്‍ശനം ഉത്ഘാടനം
പക്ഷെ സകല കണക്കുകൂട്ടലുകളും  തെറ്റിച്ചു  ചമയ പ്രദര്‍ശനം തുടങ്ങിയപ്പോള്‍ മഴയും മാറി കാറ്റും മാറി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൊതിയില്‍ ചേന്നാസ്‌ ഗിരീശന്‍ നമ്പൂതിരിപ്പാട്‌ പ്രദര്‍ശനം ഉത്ഘാടനം ചെയ്തു. പണ്ട് അഞ്ചാം ദിവസത്തെ എഴുന്നള്ളിപ്പിനായി  എത്തുന്ന ആനകള്‍ ഏതെങ്കിലും  നേരത്തെ തലേ ദിവസം എത്തുകയാണെങ്കില്‍  ദീപാരാധന സമയത്ത് ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് അല്പം നേരം നില്‍കുന്ന ഒരു പതിവുണ്ട്. ചിലപ്പോള്‍ അതില്‍ ഒരാന അന്നെ ദിവസത്തെ വിളക്കിനു ദിവസം തേവരെ കയറ്റി എഴുന്നള്ളിക്കാറുണ്ട്.ഇത്തവണ അതുണ്ടായില്ല.
ഇത്തവണത്തെ   നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ പാമ്പാടി രാജന്‍ നേരത്തെ തന്നെ എത്തിയിരുന്നു.
പാമ്പാടി രാജന്‍ 
ഉത്സവത്തിനല്ലാതെ രാജന്‍ എളങ്കുന്നപ്പുഴയില്‍ പല തവണ ഇവിടെ വരാറുണ്ടെങ്കിലും ഉത്സവത്തിനു മാത്രമായി  സ്വര്‍ണ്ണകോലമേ റ്റാന്‍ എത്തുന്നത് ഇത്തവണ പന്ത്രണ്ടാം തവണ ആയിരുന്നു.ഒരു കൊല്ലം  രാജന്‍  മുടങ്ങി. ദീപാരാധനക്ക് ശേഷം രാജന്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു തേവരെ വണങ്ങിയ  ശേഷം  ഞങ്ങളുടെ ചമയ പ്രദര്‍ശനത്തിന് സമീപത്തായി വന്നു നിന്നു.ഈ സമയത്ത് ഒരു എന്നും ഓര്‍മയില്‍ സൂക്ഷിച്ചു വെയ്ക്കാന്‍ പറ്റിയ ഒരവസരം ഉണ്ടായിരുന്നു.ഒരു കലണ്ടര്‍ പ്രകാശനം.ഫോട്ടോ എടുത്തെങ്കിലും എങ്ങനെയോ മിസ്സ്‌ ആയി അത്.കൂട്ടുകാര്‍ തല്ലിയില്ല എന്നെ ഉള്ളൂ എന്നെ.രാജനും മധുരപ്പുറം ആനയും രാവിലെ തന്നെ എത്തിയതൊഴിച്ചാല്‍ മറ്റു ആനകള്‍ ഒന്നും തന്നെ എത്തിയിരുന്നില്ല.ഇതും സംസാരിച്ചിരിക്കുന്ന സമയത്താണ് തടത്താവിള ആനയും ചൂരൂര്‍മഠം ആനയും പടിഞ്ഞാറേ ഗോപുരവാതില്‍ വഴി അകത്തേക്ക്‌ പ്രവേശിക്കുന്നത്.അല്‍പ നേരം കഴിഞ്ഞു നാലാം ദിവസത്തെ വിളക്കിനെഴുന്നള്ളിപ്പും കഴിഞ്ഞു ഞാന്‍ വീട്ടിലേക്കു പോന്നു.കുറച്ചു നേരംഅവിടെ ഇരുന്ന ശേഷം ആനപ്പറമ്പിലേക്ക്  പോയി തിരിച്ചു വന്നു . നമ്മുടെ പിള്ളേര്‍ അവിടെ ഉറങ്ങാതെ അവിടെ ഇരിക്കുകായായിരുന്നു..ഏകദേശം നാലരയോടെ ഞാനും ദീപൂട്ടിയും എഴുന്നേറ്റപ്പോള്‍  വീട്ന്റെ മുന്നില്‍ ഒരു ലോറി.മംഗലാംകുന്നു ശരണ്‍ അയ്യപ്പന്‍.ആനക്കാരന്‍ വാടാനപ്പിള്ളി സുനി ഞങ്ങളെ കണ്ടു ലോറിയില്‍ നിന്നു ഇറങ്ങി .പണ്ട് ഒരിക്കല്‍ പാമ്പാടി ആനയെ കൊണ്ട് ഇവിടെ വന്നത് സുനി ആയിരുന്നു .അല്‍പ നേരം വിശേഷം  പറഞ്ഞു ആള്‍ ആനയുമായി പറമ്പിലേക്ക്‌ പോയിഉത്സവം തുടങ്ങിയാല്‍ പിന്നെ ഭക്ഷണകാര്യങ്ങളൊക്കെ തോന്നിയപോലെയാ.എന്തായാലും ആ സമയം നല്ല വിശപ്പ്‌ തോന്നിയത് കൊണ്ട് ഞങ്ങള്‍ നേരെ പോയി പുട്ടും കടലക്കറിയും അകത്താക്കി.

അഞ്ചാം ദിവസമായി രാവിലെ തന്നെ ഇമ്മടെ ചങ്ങാതിമാരൊക്കെ എത്തിത്തുടങ്ങി.ആനകള്‍രണ്ടെണ്ണം ഇനിയും വരാന്‍ ഉണ്ട്.ഒന്ന് കാഞ്ഞിരക്കാട്ട് ശേഖരന്‍,രണ്ടാമത്തേത്  പല്ലാട്ട് ബ്രഹ്മദത്തന്‍.ശേഖരന്‍വന്നു അല്‍പ നേരം കഴിഞ്ഞപ്പോള്‍ ബ്രഹ്മനും  എത്തി.തലേ ദിവസത്തെ ആറ്റിലെ കഴുക്കും,വെളുപ്പിന് ഇങ്ങോട്ടേക്ക് തിരിക്കുന്നതിനു മുന്നേ ഉള്ള ചെറിയൊരു കഴുക്കും പോരാതെ ഇവിടെ വന്നു വീണ്ടും ഒരു നനക്കല്‍.
സുന്ദര കുട്ടപ്പന്‍ ആയി വരുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
പല്ലാട്ട് ബ്രഹ്മദത്തന്‍ 
പതിവിനു വിപരീതമായി രാജനെ ഇത്തവണ ആനപ്പറമ്പില്‍ അല്ല നിര്‍ത്തിയിരുന്നത്.ആനയെ ഒന്ന് കിടത്തണം ,റസ്റ്റ്‌ വേണം എന്ന് രാജീവ്‌ പറഞ്ഞത്  കൊണ്ട് ഉത്സവക്കാലത്ത് അല്ലാതെ ഏതെങ്കിലും ആനകള്‍ വരുമ്പോള്‍ നിര്‍ത്താറുള്ള  ജെ കെ മേനോന്റെ  വീട്ടിലാണ് നിര്‍ത്തിയത്‌.മണി 8 ആയതോട് കൂടി ആനകള്‍ ഓരോന്നായി അകത്തേക പ്രവേശിച്ചു തലേകേട്ട് കെട്ടാന്‍ തുടങ്ങി.
മധുരപ്പുറം കണ്ണന്‍ 
പാമ്പാടി രാജന്‍ എളങ്കുന്നപ്പുഴ തേവരുടെ സ്വര്‍ണ്ണകോലം ശിരസ്സിലേറ്റുന്നു 
പാമ്പാടി രാജന്‍ 

അഞ്ചാം ദിവസം രാവിലെ ശീവേലി .നിലക്കുടകള്‍;

കിഴക്ക് നിന്നുള്ള സൂര്യകിരണങ്ങളുടെ പ്രഭയില്‍ ഗജരാജ പ്രജാപതി ആടയാഭരണങ്ങള്‍ അണിഞ്ഞു തേവരെ ശിരസ്സിലേറ്റി .കൂട്ടാനകള്‍ ആയി ശരണ്‍ അയ്യപ്പനും മധുരപ്പുറം കണ്ണനും സ്ഥാനമുറപ്പിച്ചു.പെരുവാരം ഷാജിഏട്ടന്റെ  ഡബിള്‍ സെറ്റ് നാദസ്വരം ആദ്യ  പ്രദക്ഷിണം കഴിഞ്ഞ ശേഷം മേള കലാനിധി സര്‍വശ്രീ പെരുവനം സതീശന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിക്ക് തുടക്കമായി.
പെരുവനം സതീശന്‍ മാരാര്‍ 

മുന്‍ വര്‍ഷങ്ങളിലെ പോലെ കുടമാറ്റത്തിന് ഞങ്ങളെ സഹായിക്കാന്‍ ആയി പ്രകാശേട്ടന്‍ മുന്നില്‍ നിന്നത് കൊണ്ട് കുടമാറ്റം ഉഷാറായി.തൃശ്ശൂര്‍ തിരുവമ്പാടി വിഭാഗത്തിന്റെ വര്‍ണ്ണകുടകളും നിലക്കുടകളും ഗജവീരന്മാരുടെ മുകളില്‍ മാറി മാറി നിരന്നു.
അന്നത്തെ ദിവസം ആകെ തിരക്കായി.പല സുഹൃത്തുക്കല്ലും വന്നിരുന്നു എങ്കിലും ആരോടും കാര്യമായി സംസാരിക്കാന്‍ പറ്റിയില്ല. വിളക്കിനെഴുന്നള്ളിപ്പ് രാത്രി 8മണിയോടടെ തുടങ്ങി.പതിവിനു വ്യത്യസ്തമായി അസാമാന്യ തിരക്ക്‌ ആണ് ഇത്തവണ അനുഭവപെട്ടത്.രാത്രി മേളം സതീശേട്ടന്‍ തകര്‍ത്തു.ഏകദേശം 12.30 യോടെ അയി എഴുന്നള്ളിപ്പ് കഴിഞ്ഞു.ആനകള്‍ ഓരോന്ന് തലേകെട്ടു അഴിച്ചു ഗോപുരവാതില്‍ കടന്നു ക്ഷേത്രമതില്ക്കകം വിട്ടു പോയപ്പോള്‍ ആണ് സമാധാനാമായത്.
രാത്രി വിളക്കിനെഴുന്നള്ളിപ്‌ 
ആറാം ദിവസം മുതല്‍ ഞങ്ങള്‍ പതിവുകാര്‍ മാത്രം.ആറാം ദിവസം മുതല്‍ ആണ് പുറക്കൊടിയെറ്റ് നടക്കുന്നത്.ആദ്യ ദിവസം കിഴക്കേ നട,പിന്നീട തെക്ക്,പടിഞ്ഞാറ്,ഒടുവില്‍ വടക്കേ നട ഇങ്ങനെ ആയിരിക്കും.
പുറക്കൊടിയേറ്റ് 

ഏഴാം ദിവസം ചര്രിത്ര പ്രസിദ്ധമായ കച്ചേരിപ്പറ എഴുന്നള്ളിപ്പ് .(ഫോട്ടോ പഴയതാണ്) 

ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലം പുരാതനകാലത്ത് സങ്കേത അതിര്‍ത്തിക്കുള്ളിലായിരുന്നു . ക്ഷേത്രത്തില്‍ തൃക്കൊടിയേറുന്നത്   പോലെ സാങ്കേതാതിര്‍ത്തിക്  ചുറ്റും  നാല് ദിക്കുകളില്‍ കൊടികയറുക എന്നൊരു അപൂര്‍വ്വ  ചടങ്ങ് കൂടി  ഇവിടെ ഉണ്ട് .ഭഗവാന്‍  പുറക്കൊടിയേറ്റ് ദര്‍ശനത്തിനായി വരുന്ന  സമയത്ത് സമീപത്തെ ദേവസ്വം കച്ചേരിയില്‍ ആയിരുന്നു കൊച്ചി രാജാവ് ആദര സൂചകമായി പറ സമര്‍പ്പിച്ചിരുന്നത്. 
അക്കാലത്ത്‌ സങ്കേതാര്‍ത്തിയില്‍ നാട്ടുകൂട്ടത്തിന്റെ അനുവാദമില്ലാതെ  രാജാവിന് പോലും പ്രവേശനം അനിവാര്യമല്ലാത്തതിനാലാണ്  സങ്കേതത്തിനു പുറത്തുള്ള  കച്ചേരിയിലേക്ക്  രാജാവ് എഴുന്നള്ളി പറ നല്‍കിയിരുന്നത്. പണ്ട്  കച്ചേരി  ഉണ്ടായിരുന്ന സ്ഥാനത്ത്‌  ഇപ്പോള്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ആണ് പറ നിറയ്ക്കുന്നത്.ഉത്സവത്തിന്റെ ഏഴാം ദിവസമാണ് കച്ചേരിപ്പറ എഴുന്നള്ളിപ്പ് നടക്കുന്നത്.രാജഭരണം അവസാനിച്ച ശേഷം കളക്ടറോ  തഹസില്‍ദാരോ  ഇവിടെ വന്നു പറ സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഇത് ലോപിച്ചു എളങ്കുന്നപ്പുഴ വില്ലേജ്‌  ഓഫീസര്‍ ആണ് പറ സമര്‍പ്പിക്കുന്നത്.

തൃപ്രയാര്‍ രമേശന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന മേജര്‍ സെറ്റ്‌ പഞ്ചവാദ്യം 
തൃപ്രയാര്‍ രമേശന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന മേജര്‍ സെറ്റ് പഞ്ചവാദ്യത്തിന്റെയും പെരുവാരം ഷാജിയുടെ നേതൃത്വത്തിൽ  ഡബിൾ സെറ്റ്നാദസ്വരത്തിന്റെയും  അകമ്പടിയോടെയാണ് കച്ചേരിപ്പറ  എഴുന്നള്ളിപ്പ്‌ നടന്നത്.മൂന്ന് ഗജവീരന്മാർ  അണി നിരന്ന എഴുന്നള്ളിപ്പിന് ചെറായി ശ്രീ പരമേശ്വരന്‍ തിടമ്പേറ്റി .മഴ കാരണം നടപ്പുരയില്‍ നടത്തേണ്ടി വന്നു പഞ്ചവാദ്യം.പക്ഷെ ഇതൊരു പുതിയ അനുഭവം ആയിരുന്നു എല്ലാവര്‍ക്കും.മഴ ഒന്ന് ശമിച്ചപ്പോള്‍ ചടങ്ങ് പൂര്‍ത്തിയാക്കാന്‍ ആയി നേരെ സ്കൂളില്‍ പോയി പറ സ്വീകരിച്ചു തിരിച്ചു വന്നു.
ലക്ഷദീപം 
പിന്നീടുള്ള പ്രധാന ചടങ്ങ്‌ എട്ടാം ദിവസം നടക്കുന്ന ലക്ഷദീപ കാഴ്ചയാണ്.രാവിലെ മുതല്‍ തന്നെ വിളക്ക് വെയ്ക്കാനുള്ള ചിരാതുകളും നിലവിളക്കുകള്‍ ,ഓക്കേ വെയ്ക്കുന്ന ജോലി തുടങ്ങും.വൈകീട്ട് അഞ്ചു മണി ആയതോടുകൂടി കാറ്റിനു ശക്തി കൂടി.നല്ല തിരക്കും.പക്ഷെ അവിടെയും പ്രകൃതി കീഴടങ്ങി എന്ന് പറയുന്നതാവും ശരി.കാലാവസ്ഥ അനുകൂലമായി ദീപാരാധന സമയത്തോട്‌ കൂടി ചുറ്റു വിളക്കുകള്‍ എല്ലാം തന്നെ തെളിഞ്ഞു ലക്ഷ ദീപവും ഭംഗിയായി കഴിഞ്ഞു. പത്താം ദിവസമായി,തലേ ദിവസത്തെ പള്ളിവേട്ട കഴിഞു നമസ്കാര മണ്ഡപത്തില്‍ ശയിക്കുന്ന ഭഗവാനെ രാവിലെ ക്ടാവിന്റെ കരച്ചില്‍ കേട്ട് ആണ് എഴുന്നെല്‍കുന്നത്.തുടര്‍ന്ന് അഭിഷേകവും പൂജകളും ദര്‍ശനം എല്ലാം ആയി സമയം 8 മണി ആയി.മറ്റുള്ള ദിവസങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായി അന്ന് രാവിലത്തെ ഉഷ:ശീവേലി ആണ് ആനപ്പുറത്ത്‌ എഴുന്നള്ളികുന്നത്.കൂടാതെ അന്ന് മൂത്തതിനു തിടമ്പ് എഴുന്നള്ളിക്കാന്‍ പാടില്ല.പകരം രാവിലെ കീഴ്ശാന്തിയും വൈകീട്ട് ആറാട്ടിനു മേല്‍ശാന്തിയും  ആണ് എഴുന്നള്ളിക്കുന്നത്.വന്ന ദിവസം മുതലേ രത്നാകരന്‍ ചേട്ടനോട് ഒരു ദിവസം കേറ്റി എഴുന്നള്ളിച്ചൂടെ എന്ന് ചോദിച്ചിരുന്നു എങ്കിലും അന്നാണ് അതിനു ഒരു അവസരം വന്നത്.ശീവേലി കഴിഞ്ഞു.ബാക്ക്യുള്ള ചടങ്ങുകള്‍ എല്ലാം ഇനി ആറാട്ട് കഴിഞ്ഞു വന്ന ശേഷമേ ഉള്ളൂ.
ആറാട്ട് ദിവസം രാവിലെ രാവിലെ കീഴ്ശാന്തിയും വൈകീട്ട് ആറാട്ടിനു മേല്‍ശാന്തിയും എഴുന്നള്ളിക്കുന്നു
ബ്രഹ്മശ്രീ കിഴക്കിനി മേയ്ക്കാട്ട് മാധവന്‍ നമ്പൂതിരിപ്പാട്‌ കൊടിയിറക്കുന്നു.
ഗജപൂജ
വൈകീട്ട് 6മണിയോടെ ആറാട്ട്ബലി തുടങ്ങി.ശേഷം   കൊടിമര ചുവട്ടിലെ പൂജകള്‍ക്ക്‌ ശേഷം    പത്തു ദിവസത്തെ ഉത്സവത്തിന് ബ്രഹ്മ ശ്രീ മാധവന്‍ നമ്പൂതിരിപ്പാട്‌ കൊടിയിറക്കി.പുറമേ ഉള്ള നാല് ദിക്കിലും കൊടിയിറക്കിയ ശേഷം കൊടിക്കല്‍ പറയ്ക്ക്‌ ശേഷം ആറാട്ടിനായി  പുറത്തേക്കിറങ്ങി. 
ആറാട്ടിനു എഴുന്നള്ളുന്നു 


.ഇവിടെ കടലില്‍ ആണ് ആറാട്ട്.മൂന്നാല് കി.മീ ദൂരം ഉണ്ട്.അതിനെക്കാള്‍ ഉപരി ഓഖീ ചുഴലിക്കാറ്റ്‌ നല്ല രീത്യില്‍ ഞങ്ങളെ ഭയപ്പെടുത്തിയിരുന്നു.തലേ  ദിവസം ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ദേവസ്വം ഓഫീസര്‍ ,പോലീസ്‌ എന്നിവരൊക്കെ കടപ്പുറത്ത് പോയി സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം ചടങ്ങ് മാത്രം നടത്തുക,ബാക്ക്യുള്ള ആളുകള്‍ ആരും തന്നെ കടലില്‍ ഇറങ്ങരുത് എന്ന് നിര്‍ദ്ദേശം കൊടുത്തിരുന്നു .
പക്ഷെ ഇത് ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ശരിക്കും ഞെട്ടിച്ചു.കാറ്റ് ഉണ്ടാവും  ഉന്നു കരുതി കുത്തുവിളക്കില്‍ തിരിയൊകെ കൂട്ടിയിട്ടിരുന്നു.എന്നാല്‍ ഒരു തരി കാറ്റ് പോലുമില്ല.എല്ലായിടത്തും ശാന്തം.അങ്ങനെ ഒരു കുഴപ്പവും കൂടാതെ കടലില്‍ തേവരുടെ  ആറാട്ട്‌ നടന്നു.
കടലില്‍ ആറാട്ട്‌ (OLD PHOTO)
കൂടെ വന്നവര്‍ എല്ലാവരും തന്നെ കടലില്‍ ഇറങ്ങുകയും ചെയ്തു.ഒന്ന് രണ്ടു കൊല്ലം മുന്നേ ഇതേ പോലെ ഒരു സംഭവം ഉണ്ടായിരുന്നു. ചെന്നൈയില്‍ ഉണ്ടായ ന്യൂനമര്‍ദ്ദം കാരണം കടല്‍ പ്രഷുബ്ദമായിരുന്നു.പക്ഷെ തേവരുടെ ആറാട്ട്‌ സമയത്ത് എല്ലാം ശാന്തമായി.
ആറാട്ട്‌ കഴിഞ്ഞു കടപ്പുറത്ത് തയാറാക്കുന്ന താല്‍കാലിക ഓലപ്പുരയില്‍  പൂജയും കഴിഞ്ഞു ഭഗവാന്‍ ക്ഷേത്രത്തിലേക്ക്‌ തിരിച്ചു.
ആറാട്ട് കടവിലെ പൂജ 
തിരിച്ചു വരുന്ന വഴി ക്ഷേത്രത്തിന്റെകുറച്ചു മുന്നേ ആയി മറ്റു രണ്ടു ആനകളും കൂടി  ചേരും.  അവിടെ വെച്ച് നാദസ്വരം,പഞ്ചവാദ്യം,അത് കഴിഞ്ഞു ക്ഷേത്രതില്ക് പ്രവേശിക്കുന്നതിനു മുന്നേ ആയി ഒരു ചെറിയ പാണ്ടിയും നടക്കും.
ആറാട്ട്‌ കഴിഞ്ഞുള്ള തിരിച്ചു എഴുന്നള്ളിപ്പ് 
പിന്നീട് ഉള്ള 9 പ്രദക്ഷിണവും കഴിഞ്ഞു ഇറക്കി എഴുന്നള്ളിക്കുന്നതോടു കൂടി ഉത്സവത്തിന്റെ ആന എഴുന്നള്ളിപ്പ് അവസാനിച്ചു.
എന്നാലും ഞങ്ങളുടെ ജോലി കഴിയില്ലാട്ടോ.തലേ ദിവസം മുതല്‍ ഉള്ള അകത്തെ ചടങ്ങുകള്‍  ആവര്‍ത്തിക്കണം.പന്തീരടി പൂജ ആറാട്ട് കടവില്‍ നടത്തി,ബാക്കിയുള്ള ഉച്ചപ്പൂജ,ദീപാരാധന തുടങ്ങി എല്ലാം  അവസാനിച്ചപോള്‍ മണി 2 കഴിഞ്ഞു.


എന്നെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ ഒന്നിനും സമയമില്ലാതെ ടെന്‍ഷന്‍ പിടിച്ചു ഓടി നടന്നത് ഇത്തവണയായിരിക്കും.കോലത്തില്‍ ചാര്‍ത്താനുള്ള   മാല കെട്ടല്‍,പിന്നെ ഉത്സവം പ്രമാണിച്ചു ഇമ്മടെ പത്രത്തില്‍ രണ്ടു ദിവസം ഒരു സ്പെഷ്യല്‍ സപ്പ്ളിമെന്റ് ഇറക്കിയിരുന്നു.പിന്നെ ആന എഴുന്നള്ളിപ്പ്‌ ഇങ്ങനെയൊക്കെ ആയി നല്ല തിരക്കിലായി.    

ഒരു പക്ഷെ വളരെ യധികം ടെന്‍ഷന്‍ അനുഭവിച്ചു എങ്കിലും  തേവരുടെ അനുഗ്രഹം കൊണ്ട് നല്ല രീതിയില്‍ തന്നെ ഉത്സവം ഭംഗിയായി നടന്ന്നു.വീണ്ടും ഇനി ഒരു വര്‍ഷംവരെ കാത്തിരിക്കണമെല്ലോ എന്ന് ആലോചിക്കുമ്പോള്‍ ആണ്  വിഷമം കൂടുക.




Virus-free. www.avast.com

Comments

  1. നല്ല എഴുത്ത്, നല്ല ചിത്രങ്ങൾ. എത്രയൊക്കെ സന്തോഷം നിറഞ്ഞതാണെങ്കിൽ കൊടികയറി ഉത്സവം കഴിയുന്നതുവരെ ഒരു ആശങ്ക തന്നെയാണ്. കുഴപ്പങ്ങൾ ഒന്നുമില്ലാതെ എല്ലാം ഭംഗിയായി തന്നെ നടത്തിത്തരണേ എന്ന പ്രാർത്ഥനയാണ് മനസ്സിൽ.

    ReplyDelete
  2. വളരെ നന്നായി എഴുതിയിട്ടുണ്ട്. ചടങ്ങുകളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും എല്ലാം നന്നായിട്ടുണ്ട്. 🙏👌❤

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി