പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം

മലയാളിയെ സംബന്ധിച്ചിടത്തോളം ആന എന്നത് വികാരമാണ്.പണ്ട് കാലത്തു തറവാടിന്റെ  വലുപ്പം കാണിക്കുവാനും  അഭിമാനത്തിന്റെ പ്രതീകമായിട്ടൊക്കെ  ആയി ആനയെ  ഉപയോഗിച്ചിരുന്നതെങ്കില്‍  ഇന്നത്‌ മാറി നോട്ടുകെട്ടുകള്‍ക്ക് വേണ്ടി മാത്രം  ആവുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല്യ.എല്ലാവര്‍ക്കും  ആനയെ ഇഷ്ടമാണ്.ഇന്ന് ചില ഒറ്റപെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ മിക്ക ആനയുടമസ്ഥന്മാരും കഴിവതും   നല്ല രീതിയല്‍ തന്നെ  അവരുടെ ആനകളെ നോക്കുന്നുണ്ട്.പക്ഷെ ആനകളെ  മാത്രം നോക്കീട്ട് കാര്യമില്ലല്ലോ. ഇതിനെ കൈകാര്യം ചെയ്യേണ്ട ആളുകളെ കൂടി നോക്കണം . പണ്ട് കേട്ട  ഒരു പഴഞ്ചൊല്ലില്‍ പറയുന്നപോലെ "പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം".


ഇതില്‍ ആനയുടെ പേരില്‍  പൈസ ലഭിക്കുന്നുവെങ്കിലും ആനയ്ക് അത് കൊണ്ട് യാതൊരു വിധത്തിലുള്ള ഗുണവും ഇല്ലാ എന്ന് ഈ അടുത്ത് ചരിഞ്ഞ രണ്ടു ആനകളുടെ  കാര്യങ്ങള്‍ കൊണ്ട് മനസിലാക്കാം. ഇന്ന് ഈ ഫീല്‍ഡില്‍ വളരെ  വിരോധാഭാസമായ കാഴ്ചകള്‍ ആണ് നമുക്ക്‌ കാണുവാന്‍ സാധിക്കുന്നത്.അതിനു ഉദാഹരണം തന്നെയാണ് ഈ അടുത്ത്  രണ്ടു ആനകള്‍ ചരിഞ്ഞ സംഭവം.അതിലേക്ക് അടുത്ത ലക്കത്തില്‍ കടക്കാം.അതെ പോലെ തന്നെയാണ്  മിക്ക  ആനക്കാരുടെ ജീവിതവും.വളരെ തുച്ഛമായ വേതനത്തിനാണ് മിക്കവരും  പണി എടുക്കുന്നത്.
കുട്ടിക്കാലത്തു ആനക്കാരെ കാണുമ്പോൾ ഒരു പ്രത്യേക ആവേശം തന്നെ ആയിരുന്നു ആയിരുന്നു. കൊമ്പന്‍ മീശയും കഴുത്തിൽ ഒരു മാലയും,ഒരു ചുവന്നതോ പച്ചയോ നിറത്തിലുള്ള  ഷാള്‍ ദേഹത്തിട്ട് ആള്‍ കൂട്ടത്തിനിടയിലൂടെ  ആനയുടെ കൊമ്പു പിടിച്ചു വരുന്ന  ആനക്കാരനെ പല തവണ അസൂയയയോടു കൂടി നോക്കി നിന്നിട്ടുണ്ട്.

കാലം മാറി ഇന്ന് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടു പല വിധ പ്രശ്നങ്ങളും നേരിടുന്നുണ്ട്.ഇതിനെല്ലാം ഉത്തരവാദി നമ്മള്‍ തന്നെ ആണ്.
എല്ലാ ആനകളെയും സ്നേഹിക്കുക ,അതേപോലെ തന്നെ ആനക്കാരെയും സ്നേഹിക്കുക എന്നതിന് പകരം ഇന്ന് കാണുന്ന കാഴ്ച
നമുക്ക്‌ ഇഷ്ടപെട്ട ആനകളെയും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആളുകളുടെയും  കാര്യം മാത്രം ശ്രദ്ധിക്കുക.സോഷ്യല്‍ മീഡിയ വഴി പരമാവധി പബ്ലിസിറ്റി കൊടുക്കാന്‍ പറ്റുമെങ്കില്‍ അത് ചെയ്യുക.ഇതൊക്കെ  ആണ്.

ആന ച്ചോറ് കൊലച്ചോറ് എന്നറിഞ്ഞിട്ടും  പാരമ്പര്യമായി ആനപ്പണിയില്‍ തുടരുന്ന ആളുകള്‍  ഉള്‍പ്പെടെ നിരവധി ചെറുപ്പക്കാര്‍ ഈ  തൊഴിലിനോടുള്ള താല്പര്യം മൂലം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒട്ടു മിക്ക ആളുകളുടെയും വീട്ടിലെ അവസ്ഥ വളരെ ദയനീയമാണ്.
സീസന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആറു മാസക്കാലം നാടും വീടും  വിട്ടു ഒരു പൂരപ്പറമ്പില്‍ നിന്ന് മറ്റൊരു പൂരപ്പറമ്പിലെക്ക്  ആനകളുടെ കൂടെ ജീവന്‍ പണയം വെച്ചു ചങ്കൂറ്റത്തോട ഇവര്‍ ചെയ്യുന്ന ഈ ജോലി എത്ര പ്രശംസിച്ചാലും മതിയാകില്ല.

ഒരിക്കല്‍ ഒരാന പ്രശ്നം  ഉണ്ടാക്കിയപ്പോള്‍ അതിന്റെ ആനക്കാരന്‍ എന്റെ തോളത്തു തട്ടി കരഞ്ഞു പറഞ്ഞ കാര്യങ്ങള്‍  ഇവിടെ എഴുതുന്നു.
"മതിയായി ചേട്ടാ ഈ പണി ,പത്രം വായിക്കാന്‍ പറ്റില്ല്യാ , ഇതുമായി ബന്ധപ്പെട്ട് ഓരോ വാര്‍ത്തകള്‍ ടി വി യിലും പത്രങ്ങളിലും വരുന്നത് കാണുമ്പോള്‍ വീട്ടുകാര്‍  ആകെ പേടിച്ചിരിക്കുകയാ.
വേറെ പണി ആണെങ്കില്‍  അറിയില്ല ,ഇത്ശീലിച്ചു പോയി.പുറമേ നിന്ന് കാണുന്നവര്‍ക്ക്‌ എല്ലാം  ഒരു രസം ആണ്.ആന എന്തെങ്കിലും  പ്രശ്നം ഉണ്ടാക്കിയാല്‍ എല്ലാ ചോദ്യവും ഞങ്ങളുടെ നേരെയാണ്..
ആദ്യം വരുന്ന വാര്‍ത്ത ഞങ്ങള്‍ മദ്യപിച്ചു അതിനെ  ഉപദ്രവിച്ചതിന്റെ ഫലമാണ്  ആന ഇടഞ്ഞത്എന്നു പറഞ്ഞു  ചീത്തപറയും,ചില സമയത്ത് അടി വരെ കിട്ടിയേക്കാം.അതെ പോലെ ചില  സ്ഥലത്ത്  ആനകളെ കൊണ്ട് ചെല്ലുമ്പോള്‍  അവിടെ ആനയെ നിലവു നിര്‍ത്തിയില്ല എങ്കില്‍ കമ്മിറ്റിക്കാരുടെ വക ചീത്ത വേറെ. ചോദിക്കുന്ന പൈസ മുതലാളിക്ക്‌ എണ്ണി കൊടുത്തിട്ടാ നിന്റെ ഈ ആനയെ ഇവിടേക്ക്‌ എഴുന്നള്ളിപിനായി കൊണ്ട് വന്നതു.അത് കൊണ്ട് കൂടുതല്‍ വേഷം കേട്ട് കാണിക്കാതെ ആനയെ മര്യാദക്ക് നിലവു നിര്‍ത്തടാ എന്നുള്ള സംസാരം .ഇനി ഏതെങ്കിലും ആനകള്‍ ചരിഞ്ഞാല്‍ ഉടനടി കുറ്റം ആനക്കാരുടെ നേരെ ,നോട്ടക്കുറവ്. അങ്ങനെ എല്ലാ കുറ്റവും ഞങളുടെ നേരെയാണ്.ഇതിനൊക്കെ പുറമേ തോളത് കയ്യിട്ട് നടക്കുന്ന ചിലര്‍ക്ക്  ഫോട്ടോക്ക് വേണ്ടി ആനയെ നിര്‍ത്തികൊടുത്തില്ല എങ്കില്‍ പിന്നെ അത് അതിനേക്കാള്‍ വല്ല്യ  കുറ്റം .ഈ ഒരു ഒറ്റ കാരണം കൊണ്ട് മുതലാളിയുടെ അടുത്ത് പോയി ആനക്കാരന്‍ മോശം  ആണ്,അയാളെ മാറ്റണം  എന്ന് പറഞ്ഞ ടീംസ് വരെ ഉള്ള നാട് ആണ് ഇത്."

ഇന്ന് ആനപ്പണി യില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരും നല്ലവര്‍ ആണ് എന്നൊന്നും ഞാന്‍ പറയുന്നില്ല.എത്ര അനുഭവം ഉണ്ടായാലും പഠിക്കാത്ത   ചിലരും ഉണ്ട്.എന്തെങ്കിലും  പ്രശ്നം  ഉണ്ടായാല്‍ ആദ്യം നല്ലവരെ കൂടി ഇത് ബാധിക്കും.അത് ഒരു മറ്റൊരു വസ്തുത.

നാടും വീടും വിട്ടു ആനപ്പണിക്ക് ഇറങ്ങുമ്പോള്‍ സീസന്‍ കഴിയുമ്പോള്‍ തന്റെ പ്രിയപ്പെട്ടവരേ കാണാന്‍  വീട്ടിലേക്ക്‌ തിരിച്ചെത്തും എന്ന് യാതൊരു ഉറപ്പുമില്ല.അച്ഛന്റെ വരവും കാത്തു സന്തോഷത്തോടെ  ഇരിക്കുന്ന കുട്ടികള്‍ക്ക്  കാണേണ്ടി വരുന്ന കാഴ്ച വീടിന്റെ മുന്നില്‍ അവരുടെ സന്തോഷം തല്ലിക്കെടുത്തി വരുന്ന   ചില രംഗങ്ങള്‍  ആയിരിക്കും  .അതാണ്‌ ആനപ്പണി.

ഇതൊക്കെ പറയാന്‍ കാരണം കഴിഞ്ഞ ദിവസം ആന ത്തൊഴിലാളി യൂണിയന്റെ ഒരു പരാതി  കാണാന്‍ ഇടയായി.തൃശ്ശൂര്‍ പാലക്കാട് മേഖലകളിലെ  ആനക്കാരുടെ  വേതനവ്യവസ്ഥ കരാര്‍ കാലാവധി 2016 ഒക്ടോബറില്‍ അവസാനിച്ചു എന്നും.ഇത് പുതുക്കി നിശ്ചയിക്കുവാന്‍ ബന്ധപെട്ടവരോട് ആവശ്യപെട്ടിരുന്നുവെങ്കിലും ഇത് വരെ യാതൊരു നടപടിയും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നും കേള്‍ക്കുന്നു
ന്യായമായ കാര്യമാണെങ്കില്‍   എത്രയും പെട്ടെന്ന് തീരുമാനം എടുക്കേണ്ടത് അത്യാവശ്യമാണ്. .ഇതില്‍ അത് പോലെ എല്ലാ ആനക്കരുടെയും കാര്യം പറയുന്നില്ല.നല്ല രീതിയില്‍ ശമ്പളം കിട്ടുന്ന ആളുകളും  ഉണ്ട്.പ്രധാനമായും ഇടത്തരം ഉള്ള ആനകളുടെ ആനക്കാര്‍  ആയിരിക്കും ഇത് മൂലം കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.


ആനകളുടെ ഫോട്ടോ എടുക്കാനും ഫേസ്‌ ബുക്കില്‍ ആനക്കാരുടെ ഒപ്പം നിന്ന് ചങ്ക് ബ്രോസ് എന്ന് പറഞ്ഞു സെല്ഫീ എടുത്തു പോസ്റ്റ്‌ ചെയ്യുന്ന ന്യൂജന്‍ ആനപ്രേമികള്‍ക്ക് ഒരു പക്ഷെ ഇത് എത്ര മാത്രം മനസ്സിലാവും എന്ന് എനിക്കറിയില്ല..അതെ പോലെ ഫോട്ടോ എടുത്ത്‌ മാത്രം സുഖിപ്പിക്കുന്ന  ആന പ്രേമികള്‍ക്കും.
എല്ലാവരുടെയും വേതനവ്യവസ്ഥ അറിയില്ല  .പക്ഷെ ഇന്നും വളരെ തുച്ചമായ വേതനത്തിന് പണി എടുക്കുന്ന ആളുകളെ എനിക്ക്  അറിയാം.അത് കൊണ്ട് ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടെണ്ടത് അത്യാവശ്യമായ കാര്യമാണ്.അവരും മനുഷ്യര്‍ ആണ്.
https://www.facebook.com/908164312611135/photos/?tab=album&album_id=1351494818278080

Satheesh M Narayanan Unni

Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി