ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1


പണ്ട് സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു ക്വിസ്‌ മത്സരം നടത്തുകയുണ്ടായി.അന്ന് അഞ്ചാം ക്ലാസില്‍ ആണ് ഞാന്‍ പഠിക്കുന്നതു എന്ന് തോന്നുന്നു,കൃത്യമായി ഓര്‍മ്മയില്ല്യ. 
അതിലെ  ഒരു ചോദ്യം ഇതായിരുന്നു.ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ ഏതാണ് ? കാര്യം ആ മത്സരത്തില്‍ നല്ല മാര്‍ക്ക് നേടി ഞാന്‍  വിജയിച്ചെങ്കിലും
 ഞാന്‍ ഉള്‍പ്പെടെ ഒരൊറ്റ  കുട്ടി പോലും ഈ ഒരു ചോദ്യത്തിനുള്ള ശരിയായ ഉത്തരം നല്‍കിയില്ല എന്നതാണ് വാസ്തവം.ഒടുവില്‍ ടീച്ചര്‍ തന്നെ പറഞ്ഞു നമ്മള്‍ താമസിക്കുന്ന ഈ വൈപ്പിന്‍ ദ്വീപ്‌ തന്നെയാണ് കുട്ടികളെ ഉത്തരം.സത്യം പറഞ്ഞാല്‍ വല്യൊരു നാണക്കേട് ആയിരുന്നു ആ സമയത്ത് മനസ്സില്‍ തോന്നിയത്‌.
വൈപ്പിനിലേക്കുള്ള യാത്രയില്‍ ഗോശ്രീ  പാലത്തിനു മുകളില്‍ നിന്ന് എടുത്ത  ഒരു സായാഹ്ന ചിത്രം 


വൈപ്പിന്‍ ഓരോ ദിവസവും വളര്‍ന്നു കൊണ്ടിരിക്കുകയാണ്.ഇട്ടാവട്ട സ്ഥലത്ത് ഉണ്ടാവുന്ന വളര്‍ച്ച അത്  നല്ലതിനാണോ അല്ലെങ്കില്‍ നാശത്തിനാണോ എന്ന് കണ്ടറിയാം.നല്ലതിനാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു.ഇത് ആദ്യത്തെ ഒരു കുറിപ്പായി കൂട്ടിയാല്‍ മതി.വഴിയെ ഓരോന്നായി പറയാം.

എന്റെ  മനസ്സില്‍ തോന്നിയ അതായത് ഇപ്പോള്‍ വൈപ്പിന്‍ നിവാസികള്‍ അനുഭവിക്കുന്ന യാത്ര ക്ലേശം  ആണ് ഞാന്‍ ഇവിടെ പറയുന്നത് .എല്ലാം ഒന്നുമില്ല .കുറച്ചു എനിക്കറിയാവുന്നതു മാത്രം.
അത് പരിഹരിക്കാന്‍ പറ്റുന്ന  ചില പോം വഴികളും. ഈ പോംവഴികള്‍ എത്രത്തോളം  പ്രാവര്‍ത്തികമാക്കി അത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വൈപ്പിനിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമാകും എന്ന് എനിക്കറിയില്ല  എന്നാലും ചെറിയ ഒരു കുറിപ്പ്‌.

ഇത്രയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം ആയതിനാല്‍  ഇവിടത്തെ പ്രശ്നങ്ങള്‍ക്ക്‌ മുഴുവന്‍ രീതിയിലും പരിഹാരം കാണുവാന്‍ സാധിക്കുക എന്നത്  അധികാരികളെ സംബന്ധിച്ച് പ്രയാസമേറിയ ഒരു ജോലി തന്നെയാണ്. അതും കൂടി ഒന്ന് പറയട്ടെ.

യാത്ര ക്ലേശത്തെപറ്റി പറയുമ്പോള്‍  ആദ്യം പറയേണ്ടത്‌ ഗതാഗതംആണ്.
റോഡ്‌ ഗതാഗതം പിന്നെ ജലഗതാഗതവും.

ആദ്യം നമുക്ക്‌ ബസ്സിന്റെ കാര്യം തന്നെ എടുക്കാം .ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ബസ്‌ സര്‍വീസ് നടത്തുന്നത് ഇവിടെ ആയിരിക്കും.ഒരു പത്തു കൊല്ലം മുന്നേ ഞങ്ങളുടെ ബസ്‌സ്റ്റോപ്പില്‍ ബസ്സ്‌ കാത്തു നില്‍കുന്ന ഒ അനുഭവം മറന്നിട്ടില്ല.  പറവൂര്‍ മുനമ്പം തുടങ്ങിയ സ്ഥലത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസ്സുകള്‍ ഞാറക്കല്‍, എളങ്കുന്നപ്പുഴ,മാലിപ്പുറം തുടങ്ങി ഇങ്ങോട്ടേക്ക് വരുമ്പോൾ മിക്ക സ്റ്റോപ്പുകളിലും നിര്‍ത്താറില്ല.അത്ര തിരക്കായിരിക്കും ബസ്സുകളില്‍. ഞങ്ങൾ എളങ്കന്നപ്പുഴക്കാർക്കു പിന്നെ പുക്കാട് ബസ് ഉള്ളതുകൊണ്ടു രക്ഷപ്പെട്ടു. പല ബസ്സുകളിലും യാത്രക്കാര്‍ വാതിലില്‍ തൂങ്ങികിടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .ഏകദേശം 30കി.മി  താഴെ  ദൂരമാണ് എറണാകുളം -മുനമ്പം അതെ പോലെ തന്നെ പറവൂര്‍ക്കും.
 ചുരുക്കം പറഞ്ഞാല്‍ 30  കിലോമീറ്ററിനുള്ളില്‍  120 ഓളം ബസുകള്‍ ആണ് ഇവിടെ ഒരു മിനിട്ടില്‍ മൂന്ന് ബസ്സ്‌ എന്ന കണക്കില്‍  സര്‍വീസ്നടത്തുന്നത്.  പക്ഷെ അതൊന്നും പറഞ്ഞിട്ട കാര്യമില്ല.രാവിലെ എറണാകുളത്തേക്കും വൈകീട്റ്റ്‌ എറണാകുളം ഹൈക്കോട്ട് ജന്കഷനില്‍ നിന്ന് തിരിച്ചിങ്ങോട്ടും ബസ്സില്‍ ഉണ്ടാവുന്ന തിരക്ക്‌ സഹിക്കാന്‍ പറ്റില്ല.
ഇന്നിപ്പോള്‍ പാലം വന്ന ശേഷം പിന്നെ കൂടുതല്‍ ആളുകളും ബൈക്കിലും കാറിലുമോക്കെയായി യാത്ര.എന്നാലും ബസ്സിനെ ആശ്രയിക്കുന്നവര്‍ ഇപ്പോളും ധാരാളം ഉണ്ട്.പാലം വരുന്നതിനു മുന്നേ എറണാകുളത്തേക്ക്‌ പോകുവാന്‍ ഉള്ള ഏക ആശ്രയം വൈപ്പിനില്‍ നിന്നുള്ള ബോട്ട് സര്‍വീസ് ആയിരുന്നു.ബോള്‍ഗട്ടിയുടെയും വിമലവനത്തിന്റെയും സമീപത്തു  കൂടി പോകുന്ന കിന്കോ ബോട്ട് സര്‍വീസും ജങ്കാര്‍ സര്‍വീസും അതെ പോലെ തന്നെ  കപ്പല്‍ ചാലില്‍ കൂടി കടന്നു വെല്ലിംഗ്ടന്‍ ഐലന്‍ഡ് ബന്ധിപ്പിച്ചു പോകുന്ന കെ എസ് ആര്‍ ടി സി യുടെ ഗംഗയും കേരളകുമാരിയും,കോമളകുമാരിയൊക്കെ  ഇപ്പോളും നല്ല ഓര്‍മ്മയുണ്ട്.
പ്രത്യേകിച്ച് രാവിലെ 8.50 നു എറണാകുളത്തേക്ക്‌ പോകുന്ന ബോട്ട്.
അതെ പോലെ തന്നെയാണ് ഫോര്‍ട്ട്‌കൊച്ചിക്ക് പോകുവാനും.ഹര്‍ഷ,ഭാരത്‌ എന്നീ രണ്ടു ബോട്ടുകളും പിന്നെ ഒരു ജങ്കാറും.
ഒരു ഞാണിന്മേല്‍ കളിയാണ് ഈ ബോട്ട് യാത്ര .പ്രത്യേകിച്ച് വല്ല മഴയോ കാറ്റോ വന്നാല്‍ പിന്നെ ചങ്ക് ഇടിക്കും ഒന്ന് അക്കരെ എത്തുന്നതുവരെ.പലതവണ നമ്മുടെ കായലില്‍ ബോട്ടുകള്‍ ഒഴുകി നടന്ന സംഭവം ഉണ്ടായിട്ടുണ്ട്.
പക്ഷെ രണ്ടു കൊല്ലം മുന്നേ പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ ഫോര്‍ട്ട്‌ കൊച്ചി ബോട്ടപകടം,അത് മനസ്സിനേറ്റ വല്ലാത്തൊരു മുറിവായിരുന്നു.എന്റെ മാത്രമല്ല ഓരോ വൈപ്പിന്‍ നിവാസികളുടെയും മനസ്സില്‍ ഇന്നും മായാതെ നില്‍കുന്ന ഒന്നാണ് ആ ദുരന്തം.
ഇന്നിപ്പോള്‍ എറണാകുളത്തേക്ക്‌ പാലം വന്നു ബോട്ട് യാത്ര മിക്കവാറും കുറച്ചു.ഫോര്‍ട്ട്‌ കൊച്ചിയിലേക്കും ഐലന്‍ഡ് ഭാഗത്തെകും പോകേണ്ടവര്‍ മാത്രേ കൂടുതലായും ഇപ്പോള്‍ ബോട്ടിനെ ആശ്രയിക്കുന്നുള്ളൂ എറണാകുളത്തേക്ക്‌ പോകുന്നവര്‍ കൂടുതലും പാലത്തില്‍ കൂടി ആയി യാത്ര.
വൈപ്പിന്‍ എറണാകുളം കെ എസ് ആര്‍ ടി സി ബോട്ട് 
ഇന്നിപ്പോള്‍ ഗോശ്രീ പാലം വന്നു.പാലത്തില്‍ കണ്ടൈനര്‍ ലോറികള്‍ മൂലം ഉണ്ടാകുന്ന ഗതാഗതാകുരുക്കില്‍ പെട്ട് ബുദ്ധിമുട്ട് അനുഭവിക്കാത്ത യാത്രക്കാര്‍ നന്നേ കുറവായിരിക്കും.കണ്ടൈനര്‍ മാത്രമല്ല,പാലം മുതല്‍ വൈപ്പിന്‍  മുനമ്പം പാതയില്‍ ഒരു വാഹനം ബ്രേക്ക്‌ ഡൌണ്‍ ആകുകയോ അല്ലെങ്കില്‍ അപകടത്തില്‍ പെടുകയോ ,ഇനി അതുമല്ല എന്തെങ്കിലും പരിപാടികള്‍ മറ്റോ റോഡില്‍ നടക്കുകയാണെങ്കില്‍ യാത്രക്കാര്‍ വലഞ്ഞത് തന്നെ.പോകാന്‍ മറ്റൊരു സമാന്തര റോഡ്‌ ഇല്ലാത്തത്‌ തന്നെയാണ് പ്രധാന പ്രശ്നം.

 വൈപ്പിന്‍കരയിലെ  യാത്ര ക്ലേശം പരിഹരിക്കണമെങ്കില്‍ താഴെ പറയുന്ന കുറച്ചുകാര്യങ്ങള്‍ അധികാരികള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.
  1. എളങ്കുന്നപ്പുഴ  പുക്കാട് മുളവുകാട് പാലം.
  2. വൈപ്പിന്‍ മുനമ്പം തീരദേശ റോഡ്‌  നിര്‍മ്മിക്കുക .
  3. വൈപ്പിന്‍ ബസ്‌ സ്റ്റാന്‍ഡ്എന്തിനു വേണ്ടി
  4. ഗോശ്രീ  ബസ്സുകള്‍ക്ക്‌ നഗരത്തിലേക്ക് പ്രവേശനം സാധ്യമാക്കുക.
  5. റോഡരികിലെ അനധികൃത  പാര്‍ക്കിംഗ്  അവസാനിപ്പിക്കുക.
  6. ബസ്സുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കുക.
  7. വൈപ്പിന്‍ ഫോര്‍ട്ട്‌ കൊച്ചി  ബോട്ട് സര്‍വീസ് നല്ല രീതിയില്‍ നടത്തുക .
  8. ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലഗതാഗതം സാധ്യമാക്കുക .

  • പുക്കാട് മുളവുകാട് പാലം

എളങ്കുന്നപ്പുഴ ശ്രീ  സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കു പുക്കാട് നിന്നും കണ്ടൈനര്‍ റോഡില്‍ വടക്കേ മുളവുകാട്ടേക്ക് ഒരു പാലം വന്നാൽ വലിയൊരു ആശ്വാസം തന്നെ ആണ് ദ്വീപ് നിവാസികൾക്.വൈപ്പിൻ ഗോശ്രീ പാലം കടന്നു വല്ലാർപാടം,മുളവുകാട് കണ്ടൈനർ റോഡ് വഴി ആലുവ ഇടപ്പള്ളി കളമശ്ശേരി,ഏലൂർ  ഭാഗത്തേക്കു പോകുന്നവർക്ക് ഈ പാലം വന്നാൽ സമയവും  ദൂരവും ലാഭിക്കാം.എളങ്കുന്നപ്പുഴ കഴിഞു വടക്ക് ഭാഗത്ത്‌ നിന്ന് ഞാറക്കല്‍ ,ഇടവനകാട് ചെറായി മുനമ്പം ഭാഗത്ത്‌ നിന്ന് വരുന്ന  വാഹനങ്ങള്‍ക്ക്‌  ഗോശ്രീ പാലത്തില്‍ പ്രവേശിക്കാതെ ഈ വഴി വന്നു മുളവുകാട് ചെന്ന് കയറാം.
എളങ്കുന്നപ്പുഴ മുതൽ വല്ലാർപാടം വരെ കണ്ടുവരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാം.ഒരു പക്ഷെ വൈപ്പിന്കരയുടെ  അല്ലെങ്കിൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ അഭിമാനം ആയിരിക്കും ഈ പാലം വന്നാൽ.  ഇപ്പോൾ തന്നെ ഇവിടെ നിന്ന് ഒരു ബോട്ട് സർവീസോ അല്ലെങ്കിൽ ജങ്കാർ സർവീസോ ആരംഭിക്കണം എന്നൊരു ശക്തമായ ജനകീയ ആവശ്യം നിലനിൽക്കുണ്ട്.പാലം വന്നാല്‍ ആദ്യം ചെയ്യേണ്ടത്‌ എളങ്കുന്നപ്പുഴ ബസ്‌ സ്റ്റോപ്പില്‍ നിന്ന് പുക്കാടെക്കുള്ള  റോഡ്‌ ആണ്. കാത്തിരുന്നു കാണാം ആ നല്ല നാളേക്കായി.
  • ബീച്ച് റോഡ്‌ 
വൈപ്പിന്‍ ജനതയുടെ സ്വപ്നമാണ്  തീരദേശ റോഡ്‌.കുറച്ചു കൊല്ലം
മുന്നേ  ഉള്ള നിയമസഭ തെരഞ്ഞെടുപ്പില്‍ ഇപ്പോളത്തെ  എം എല്‍ എ ശ്രീ എസ് ശര്‍മയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍  മുന്‍പന്തിയില്‍ നിന്നത് തീര ദേശ റോഡ്‌ ഉണ്ടാകും എന്നായിരുന്നു.പക്ഷെ ഇന്നും അതിന്റെ പ്രവര്‍ത്തനം കാര്യമായിട്ടുമുന്നോട്ട്പോ കുന്നില്ല എന്നതാണ് സത്യം.ഇന്നിപ്പോള്‍ കാള മുക്ക് ഗോശ്രീ ജംക്ഷന്‍ മുതല്‍ വളപ്പ് വരെ ടാര്‍ ചെയ്ത നല്ല വീതിയിലുള്ള തീരദേശ റോഡ്‌ ഉണ്ട്.അവിടെ നിന്ന് ഞാറക്കല്‍ വരെ ഉള്ള ഭാഗങ്ങളില്‍ റോഡ്‌ ഇല്ല,എടവനക്കാട് ഭാഗത്തു   മണ്ണ് അടിഞ്ഞു കൂടി കിടക്കുന്നു.
ഈ റോഡ്‌ പുനര്‍ നിര്‍മിച്ചു മുനമ്പം വരെ നീട്ടിയാല്‍ വൈപ്പിന്‍ മുനമ്പം  പാതയിലെ ഗതാഗത കുരുക്കിന് പകുതി ആശ്വാസം ആകും.ഇന്ന് പ്രധാനപാതയില്‍ എന്തെങ്കിലും ഗതാഗത തടസ്സം വന്നാല്‍  അത് മാറ്റാതെ യാത്രാക്കര്‍ക്ക്‌  പോകാന്‍ മറ്റൊരു  വഴി ഇല്ലാത്തതിനാല്‍ യാത്രകാര്‍ അവിടെ തന്നെ കാത്തു കിടക്കേണ്ടി വരുന്നു.തീരദേശ റോഡ്‌ ഉണ്ടായിരുന്നെങ്കില്‍ വാഹനങ്ങള്‍  ആ വഴി തിരിച്ചു വിടുന്നത് മൂലം ഗതാഗത കുരുക്ക് ഒഴിവാകുന്നു.
  • വൈപ്പിന്‍ ബസ്‌ സ്റ്റാന്‍ഡ്എന്തിനു വേണ്ടി
ഗോശ്രീപാലം വരുന്നതിനു മുന്‍പ് വരെ വൈപ്പിന്‍ ബസ്സ്‌ സ്റ്റാന്‍റ് വാഹനങ്ങളെ  കൊണ്ട് നിറഞ്ഞിരുന്നു.എറണാകുളം,വെല്ലിംഗ്ടണ്‍ ഐലന്‍ഡ്,ഫോര്‍ട്ട്കൊച്ചി എന്നിവടങ്ങളിലേക്ക് പോകുന്നതിനായി ആകെ ഉള്ള ആശ്രയം ആയിരുന്നു വൈപ്പിനില്‍ നിന്നുള്ള ബോട്ട് സര്‍വീസ്.ഇന്ന് പാലം വന്നപ്പോള്‍ എല്ലാവരും സന്തോഷിച്ചു പ്രത്യേകിച്ച് എറണാകുളത്തേക്ക്‌ പോകേണ്ടവര്‍ക്ക്‌.പക്ഷെ വെല്ലിംഗ്ടണ്‍ ഐലന്‍ന്റി ലേക്കും ഫോര്‍ട്ട്‌ കൊച്ചിയ്ക്കും യാത്ര ചെയ്യേണ്ടവര്‍ വളരെ ബുദ്ധിമുട്ടിലാണ്.കാരണം പാലം വന്നതിനു ശേഷം പകുതി ബസ്സുകളും വൈപ്പിന്‍ സ്റാന്‍ഡിലേക്ക് പ്രവേശിക്കുന്നത് പോലും ഇല്ല.രാവിലെ വഴിപാടുപോലെ ചില ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വൈകിട്ട് കുറവാണ്. വൈകീട്ട്  ഐലന്‍ഡില്‍ നിന്നും ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും ജോലി കഴിഞ്ഞു വരുന്ന യാത്രക്കാര്‍  പ്രത്യേകിച്ചും സ്ത്രീകള്‍  വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
സ്റ്റാന്‍ഡില്‍ ബസ്സ്‌ വരുന്നത് കുറവായതുകൊണ്ട്  ഒരു കിലോമീറ്റര്‍ അധികം നടന്നു ഗോശ്രീ ജന്കഷനില്‍ വന്നു ബസ്സ് കാത്തു നില്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്‌ .ബന്ധപെട്ട അധികാരികള്‍ എത്രയും പെട്ടെന്ന്  ഇതിനൊരു പരിഹാരം കാണണമെന്ന് യാത്രക്കാര്‍ പറയുന്നു.

  • ഗോശ്രീ  ബസ്സുകള്‍ക്ക്‌ നഗരത്തിലേക്ക് പ്രവേശനം സാധ്യമാക്കുക.
ഗോശ്രീ സ്വകാര്യ ബസ്സുകള്‍ക്ക്‌ നഗരപ്രവേശത്തിന് അനുമതി കൊടുക്കണം എന്നാവശ്യപെട്ടു പല യാത്രക്കാരും പലവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇതൊന്നും ഫലപ്രദമായിരുന്നില്ല.എറണാകുളം ഹൈക്കോര്‍ട്ട് ജങ്ക്ഷന്‍ വരെ ഉള്ള ബസ് സര്‍വീസ് നഗരത്തില്‍ പ്രവേശിച്ചാല്‍ മൂലം മറ്റു പലസ്ഥലങ്ങളിലെക്കും പോകേണ്ട യാത്രക്കാര്‍ക്ക്‌ അതാത് സ്റ്റോപ്പില്‍ നിന്ന് പല ബസ്സുകള്‍ മാറി ക്കയറാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നു.മറ്റു പലസ്ഥലങ്ങളില്‍ നിന്നുമുല്ല ബസ്സുകള്‍ക്ക്‌  നഗരത്തിലേക്ക്‌ പ്രവേശനം ലഭിക്കുമ്പോള്‍ എന്തുകൊണ്ട് വൈപ്പിന്‍ ബസ്സുകള്‍ക്ക്‌ പ്രവേശനം ലഭിക്കുന്നില്ല എന്നൊരു ചോദ്യം ഉയര്‍ന്നു വന്നിട്ടുണ്ട് പലതവണ.
വൈറ്റില ഹബ്, തൃപ്പൂണിത്തുറ ,കാക്കനാട്,ചേരാനല്ലൂര്‍ ,തേവര ഫെറി  തുടങ്ങിയ സ്ഥലത്തേക് വൈപ്പിന്‍ ഭാഗത്ത്  നിന്ന് വരുന്ന ബസുകള്‍ക്ക്‌ പ്രവേശനം നല്‍കിയാല്‍ അത് ദ്വീപ്‌ നിവാസികള്‍ക്ക്‌ വലിയൊരു ആശ്വാസം ആകും.ഗതാഗത കുരുക്കിന് ഒരു പരിഹാരമാകും.ഇപ്പോള്‍ നിലവില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക്‌ മാത്രമാണ് നഗരത്തിലേക്ക്‌ പ്രവേശനം.


"ഞാന്‍ ജോലി ചെയ്യുന്നത് എറണാകുളം മേനകയിലാണ്.
ഞാന്‍ ഇവടെ ഹൈക്കോര്‍ട്ട് ജന്കഷനില്‍ ബസ്സ്‌ ഇറങ്ങിയാല്‍  തൊട്ടടുത്ത ഒരു പോയന്‍റ് മേനകയില്‍ പോകണമെങ്കില്‍ വീണ്ടും ഒരു ബസ്സ്‌ കയറണം.നേരെ മറിച്ചു ഈ ബസ്സുകള്‍ സര്‍വീസ് നീട്ടിയാല്‍ എനിക്ക് നേരെ മേനകയില്‍ പോയി ഇറങ്ങാം എന്ന് മാത്രവുമല്ല ഹൈകോര്‍ട്ട്  വരെ ഉള്ള ബസ്‌ ചാര്‍ജ് ആവുകയുള്ളൂ യാത്രക്കാരനായ എളങ്കുന്നപ്പുഴ സ്വദേശി ഭാസ്കരന്‍ പറയുന്നു.
  • റോഡരികിലെ അനധികൃത  പാര്‍ക്കിംഗ്  അവസാനിപ്പിക്കുക.
റോഡരികിലെ പാര്‍ക്കിങ്ങും കച്ചവടങ്ങളും  ഒരു വലിയ ഗതാഗത കുരുക്ക് ആണ് വൈപ്പിന്‍ ദേശീയ പാതയില്‍ ഉണ്ടാകുന്നത്.പല പ്രധാന ബസ്‌ സ്റ്റോപ്പുകളിലും  അലക്ഷ്യമായ വാഹങ്ങളുടെ പാര്‍ക്കിങ്ങും ,മത്സ്യ കച്ചവടങ്ങള്‍ ,പച്ചകറി കച്ചവടം,തട്ടുകടകള്‍ ,ചില പ്രദേശത്തെ ഓട്ടോ പാര്‍ക്കിംഗ് ഒകെ  ഈ റൂട്ടിലെ ഗതാഗത കുരുക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു.ഇത് മൂലം കാല്‍ നടക്കാര്‍ക്ക് വരെ യാത്രാ ചെയ്യാന്‍ പലപ്പോളും ബുദ്ധിമുട്ടായി മാറുന്നു.വൈപ്പിന്‍ മുനമ്പം പാതയില്‍ ഒരു അപകടമോ അല്ലെങ്കില്‍ മറ്റു എന്തെങ്കിലും പരിപാടികളോ റോഡില്‍ ഉണ്ടായാല്‍ യാത്രക്ക്കാര്‍ നല്ല്ല രീതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് . മുകളില്‍ പറഞ്ഞത് പോലെ ഗോശ്രീ  പാലത്തില്‍ കണ്ടൈനര്‍ ബ്രേക്ക്‌ ഡൌണ്‍ ആകുന്നത് മൂലം നിരവധി തവണ യാത്രക്കാര്‍ മണിക്കൂറോളം പാലത്തിന്റെ മുകളില്‍ ഗതാഗതകുരുക്ക് അനുഭവിച്ചിട്ടുണ്ട്. .ചില സമയങ്ങളില്‍ എറണാകുളം ഹൈക്കൊട്ട് ജങ്ക്ഷന്‍ മുതല്‍  വാഹങ്ങളുടെ നീണ്ട നിര കാണാന്‍ സാധിക്കും നിരവധി പരാതികള്‍ നല്കിയിട്ടുള്ളതു എലാവര്‍ക്ക്കും അറിയാകുന്ന കാര്യമാണ്.കണ്ടൈനര്‍ പോകുവാന്‍ സമാന്തര റോഡ്‌ ഇല്ലാത്തത് തന്നെയാണ് പ്രധാന പ്രശ്നം.


  •       ബസ്സുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കുക. 

വൈപ്പിന്‍ കരയിലെ ബസ്സുകളുടെ മത്സരഓട്ടം  ഒരു പുതുമയുള്ള കാര്യമല്ല.ചെറായി എളങ്കുന്നപ്പുഴ തുടങ്ങീ മൂന്ന് സ്ഥലത്ത് പഞ്ചിംഗ് ഉണ്ടായിരുന്നത് നിര്‍ത്തിയത് മൂലം യാതൊരു നിയന്ത്രണവും ഇല്ലാതെ ആയി ബസ്സുകളുടെ ഓട്ടം.പക്വതയില്ലായ്മയും പരിച്ചയകുറവുമുള്ള യുവാക്കളും ആണ് ബസ്സുകള്‍ ഓടിക്കുന്നതെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആണ് ഞാറക്കല്‍ വെച്ച് ബൈക്കില്‍ കെ എസ് ആര്‍ ടി സി ബസ്‌ ഇടിച്ചു ഒരു സ്ത്രീയും സ്വകാര്യ ബസ്സിന്റെ അമിത വേഗവും ശ്രദ്ധയില്ലായ്മയും കാരണം കുഴുപ്പിള്ളിയില്‍ ഒരു വിദ്യാര്‍ത്ഥിയും മരിച്ചത്‌.

അപകടങ്ങള്‍ തുടര്‍ക്കഥയാകുംപോള്‍ ആസമയത്ത് എന്തെങ്കിലും ആക്ഷന്‍ എടുക്കും എന്നല്ലാതെ പിന്നീട് യാതൊരു പ്രയോജനവുമില്ല.പഞ്ചിംഗ് വീണ്ടും  വേണമെന്നും സമയ ക്രമീകരണം നടത്തണമെന്നും ജനങ്ങളുടെ ഭാഗത്ത്‌ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

  • വൈപ്പിന്‍ ഫോര്‍ട്ട്‌ കൊച്ചി  ബോട്ട് സര്‍വീസ് നല്ല രീതിയില്‍ നടത്തുക
വൈപ്പിന്‍ ഫോര്‍ട്ട്‌ കൊച്ചി ബോട്ട് യാത്ര എന്നും ഒരു പേടി സ്വപ്നം ആണ്. അഴിമുഖത്ത് ഓടുന്നതിന് വേണ്ടി വരുന്ന സമയം കേവലം 5 മിനിറ്റില്‍ താഴെയാണെങ്കിലും .കായലിലെ ഓള പ്പരപ്പില്‍ ആടിയുലഞ്ഞുള്ള യാത്ര  യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഒരു ഞാണിന്‍ മേല്‍ കളിയാണ്, പ്രത്യേകിച്ച് മഴക്കാലം കൂടി ആണെകില്‍ വളരെയധികം ഭീതിയുളവാക്കുന്നതാണ്.തലനാരിഴക്ക് രക്ഷപെട്ട പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് മറ്റൊരു  കാര്യം 
ശക്തമായ അടിയൊഴുക്കുള്ള ഈ അഴുമുഖം കടന്നുള്ള യാത്രക്ക് അത്യാധുനിക സൌകര്യങ്ങള്‍ കൂടിയ ബോട്ടുകള്‍ തന്നെ വേണം.രണ്ടു കൊല്ലം മുന്നേ ആണ്  ഈ റൂട്ടില്‍ സര്‍വീസ് നടത്തിരുന്ന ബോട്ട് അപകടത്തില്‍ പെട്ടതും പതിനോന്നുപെരുടെ  മരണത്തിനിടയാക്കിയതും.
ഇതിനൊരു പരിഹാരം എന്നോണം ഈ ജൂലൈ മുതല്‍ അത്യാധുനിക സൌകര്യങ്ങളോട് കൂടി നിര്‍മിച്ച ബോട്ട് സര്‍വീസ് ആരംഭിക്കും എന്ന് പറയുന്നു .
വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി ബോട്ട് സര്‍വീസ് 
അതെ പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ജങ്കാര്‍ സര്‍വീസും.യാത്രാക്കര്‍ കൂടുതലും ഇന്ന് ബോട്ടില്‍ യാത്ര ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ ജങ്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്നുണ്ട്.വൈപ്പിന്‍ ഫോര്‍ട്ട്‌ കൊച്ചി പാലം നിര്‍മിക്കുക എന്നത്  ദുഷ്കരമായത് കൊണ്ടാണ് ഏറെകുറെ  പാലം പോലെ തന്നെ പ്രയോജനപെടുത്താവുന്ന റോ റോ ജങ്കാര്‍ സര്‍വീസ് തുടങ്ങും എന്ന് കൊച്ചി കോര്‍പ്പറേഷന്‍ വ്യക്തമാകിയതാണ്.ഇത് ആരംഭിച്ചാല്‍ ബോട്ട് സര്‍വീസ് ഒരു പക്ഷെ ആവശ്യം വരില്ല.
ജങ്കാര്‍ രണ്ടു സര്‍വീസ് നടത്തുന്നുണ്ടെങ്കിലും മാക്സിമം 8 നാലുചക്ര വാഹങ്ങള്‍ കയറിയാല്‍ പിന്നെ  ജങ്കാര്‍ നിറയുന്നു.കൂടെ ബൈക്കുകളും. തന്മൂലം വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുവാന്‍ സാധിക്കുന്നത്.പലരും എറണാകുളം വഴി ചുറ്റിക്കറങ്ങി ഫോര്‍ട്ട്‌കൊച്ചി ഭാഗത്തേക്ക്‌ പോകാനുള്ള മടിയും സമയകൂടുതലും ദൂരം വരുന്നതുകൊണ്ടാണ് ജങ്കാറിനെ ആശ്രയിക്കുന്നത്.എന്നാല്‍ ചില സമയങ്ങളില്‍ വളരെയധികം നേരം തങ്ങളുടെ ടേൺ ആകുന്നതു വരെ ജങ്കാര്‍ കാത്തു കിടക്കുന്നു.പണി എല്ലാം പൂര്‍ത്തിയായ സ്ഥിതിക്ക്‌ എത്രയും പെട്ടെന്നു റോ റോ സര്‍വീസ് ആരംഭിക്കും എന്നാണു കരുതുന്നത്.
"റോ റോ സര്‍വീസ്  ആരംഭിച്ചാല്‍ ഇപ്പോള്‍ ജങ്കാറില്‍  8 നാലുചക്ര വാഹനങ്ങള്‍ കയറ്റുന്നതിന് പകരം ഒരുപക്ഷെ  റോ റോയില്‍
16 വാഹനങ്ങള്‍ വരെ   കയറ്റാന്‍ സാധിക്കും.അത് മാത്രമല്ല രണ്ടു സൈഡും തുറന്നു കിടക്കുന്നതിനാലും  ഇരു സൈഡില്‍ കൂടി  പ്രവേശിക്കാനും ഇറങ്ങാനും സാധിക്കുന്നത് മൂലം വാഹങ്ങള്‍ കയറുമ്പോഴും ജെട്ടിയില്‍ ഇറങ്ങുമ്പോഴും സമയം നഷ്ടപെടുന്നില്ല. ഫോര്‍ട്ട്‌ കൊച്ചിയില്‍ പോകേണ്ടവര്‍ക്ക് റോ റോ വളരെയധികം  ഗുണപ്രദമാകും എന്നാണു ദ്വീപ്‌ നിവാസിയായ അഡ്വ ഡോള്‍ഗോവ്   പറയുന്നത്.
വൈപ്പിന്‍ -ഫോര്‍ട്ട്‌ കൊച്ചി ജങ്കാര്‍ സര്‍വീസ് 

  • ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലഗതാഗതം സാധ്യമാക്കുക .
മുരിക്കുംപാടം മുതല്‍  ഓച്ചന്തുരുത്ത്,മാലിപ്പുറം കര്‍ത്തേടം,എളങ്കുന്നപ്പുഴ പുക്കാട്,ഞാറക്കല്‍ മഞ്ഞനക്കാട് ,നെടുങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ പണ്ട് ബോട്ട് സര്‍വീസ് ഉണ്ടായിരുന്നതാണ്.കൊച്ചി മെട്രോ വരുമ്പോള്‍ വാട്ടര്‍ മെട്രോ പദ്ധതിയില്‍ വൈപ്പിന്‍ ദ്വീപിലെ ഈ  ബോട്ട് ജെട്ടികളെയും ഉള്‍പ്പെടുത്തും എന്ന് പറഞ്ഞിരുന്നെകിലും കാര്യമായ പ്രതീക്ഷ
ക്ക്‌ വക നല്‍കുന്നില്ല എന്നും വൈപ്പിന്‍ ദ്വീപിനെ അവഗണിച്ചു എന്നും ജനങ്ങള്‍ പറയുന്നു.
നെടുങ്ങാട് ജെട്ടി  

സത്യം പറഞ്ഞാല്‍ ജോലിയുടെ ഭാഗമായി ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയതാണ്.കുറച്ചു കൂടി കൂട്ടിച്ചേര്‍ത്തു.അയച്ചു കൊടുത്തതില്‍ നിന്ന് കുറെ ഏറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ഇവിടെ എന്നിരുന്നാലും വായിക്കൂ,അഭിപ്രായം പറയൂ.

തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക ,തിരുത്തുക

Satheesh M Narayanan Unni 
Vypin

Comments

  1. വളരെ വിശദമായി തന്നെ സതീഷ് എഴുതിയിട്ടുണ്ട്. നമ്മൾ ഒരേ രീതിയിൽ ചിന്തിക്കുന്നവർ ആണെന്ന് തോന്നുന്നു :) ഞാനും ഇതൊക്കെ ഇങ്ങനെ കുത്തിക്കുറിച്ചിട്ടുണ്ട്. പലതവണ. നമ്മുടെ നാട്ടുകാരും സുഹൃത്തുക്കളും പ്രോത്സാഹനവും പിന്തുണയും അറിയിച്ചിട്ടുമുണ്ട്. അത്തരത്തിൽ എഴുതിയ രണ്ട് പോസ്റ്റുകൾ ആണ് വഞ്ചിക്കപ്പെടുന്ന വൈപ്പിൻ നിവാസികൾ എന്നതും വോട്ടില്ല വോട്ടില്ല വോട്ടില്ല എന്നതും. പിന്നേയും പോസ്റ്റുകൾ എന്റെ ബ്ലോഗിൽ കാണാം.

    ഇവിടെ പരാമർശിക്കപ്പെട്ട വിഷയങ്ങളിൽ എനിക്ക് ചില അഭിപ്രായങ്ങൾ ഉള്ളതുകൂടി പറയാം. ആദ്യത്തേത് വൈപ്പിൻ സ്റ്റാന്റ് എന്തിനു എന്നതിലാണ്. ആലുവ, കാക്കനാട്, പറവൂർ ഭാഗത്തുനിന്നും പല ബസ്സുകളും കണ്ടെയ്നർ റോഡ് വഴി (കെ എസ് ആർ ടി സി) എറണാകുളം ജട്ടി സർവ്വീസ് നടത്തുന്നുണ്ട്. അവയിൽ ചിലതെങ്കിലും വൈപ്പിൻ സ്റ്റാന്റിലേയ്ക്ക് തിരിച്ചു വിടാൻ സാധിക്കണം. എറണാകുളത്തും ഇടപ്പള്ളിയിലും ഉള്ള ഗതാഗതക്കുരുക്കില്ലാതെ പശ്ചിമ കൊച്ചി / ഐലന്റ് ഭാഗത്തുള്ളവർക്ക് വൈപ്പിനിലെ കടത്തു കടന്ന് കളമശ്ശേരിയും കാക്കനാടും ആലുവയും എത്താൻ സാധിക്കും. അതുപോലെ വരാപ്പുഴമുതൽ പറവൂർ വരെയുള്ളവർ ഫോർട്ട്കൊച്ചിയിലും മറ്റും ജോലിക്കുപോകുന്നവർക്ക്, ഐലന്റിൽ ജോലിയ്ക്ക് പോകുന്നവർക്ക് ഒക്കെ ഈ സർവ്വീസ് സഹായകമായിരിക്കും. നിലവിൽ പുതുതായി വല്ലാർപാടത്ത് പണി പൂർത്തിയാക്കിയ പാലവും രണ്ടാം ഗോശ്രീ പാലത്തിന്റെ (പഴത്) ഉയരം കൂട്ടൽ പണികളും പൂർത്തിയാകുമ്പോൾ ഗോശ്രീ റോഡിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും എന്ന് കരുതാം.

    മറ്റൊന്ന് വൈപ്പിനിൽ ഒരു ബസ് സ്റ്റാന്റ് എളങ്കുന്നപ്പുഴയിലേ ഞാറയ്ക്കലിലോ വേണം. അവിടെ നിന്നും കണ്ടെയ്നർ റോഡ് വഴിയും എറണാകുളം നഗരം വഴിയുമുള്ള ബസ് സർവ്വീസുകൾ തുടങ്ങണം. കണ്ടെയ്നർ റോഡ് വഴി ആലുവ, കളമശ്ശേരി, കാക്കനാട് എന്നിവിടങ്ങളിലേയ്ക്കും പിന്നെ നഗരം വഴി വൈറ്റില, തൃപ്പൂണിത്തുറ, അരൂർ, ഫോർട്ട്കൊച്ചി, എന്നിങ്ങനേയും സർവ്വീസുകൾ വേണം. ഇവയ്ക്കായി നിലവിലെ തിരുകൊച്ചി സർവ്വീസുകളും സ്വകാര്യബസ്സുകളും ഉപയോഗിക്കാം. അത് പോലെ വടക്കോട്ടും കൊടുങ്ങല്ലൂർ, ഗുരുവായൂർ, മാല്യങ്കരവഴി ഇവിടെ നിന്നും തുടങ്ങണം. വൈപ്പിനിലെ പൊതുഗതാഗതം മെച്ചപ്പെടുത്താൻ ഇത് ഉപകരിക്കും.

    പഴയപഞ്ചിങ്ങിന്റെ ഗുണങ്ങൾ ഒക്കെ നമുക്ക് ഇനി ചുമ്മാ അയവിറക്കാം എന്നേയുള്ളു. സ്വകാര്യബസ്സുകൾക്ക് മാത്രമായി പഞ്ചിങ്ങ് നടപ്പാകില്ല. കെ എസ് ആർ ടി സിയും പഞ്ചിങ്ങിനു തയ്യാറാകണണം. എറണാകുളത്ത് തിരു കൊച്ചി സർവ്വീസുകൾ വന്നതോടെ അവിടത്തേയും പഞ്ചിങ്ങ് നിലച്ചു. വൈപ്പിൻ പള്ളിപ്പുറം സംസ്ഥാനപാതയ്ക്ക് സമാന്തരമായ ഒരു പാതകൂടി വേണം എന്നതിൽ സംശയമില്ല. അത് ബീച്ച് വഴി തന്നെ ആകാനെ സാദ്ധ്യതയുള്ളു. പക്ഷെ നിലവിലെ പദ്ധതിപോലെ വരുമോ എന്ന് സംശയം ആണ്. പരിസ്ഥിതി പ്രശ്നങ്ങൾ തന്നെ കാരണം. അതിനാൽ കൂടുതൽ യോജിക്കുക എലിവേറ്റഡ് റോഡ് എന്നതാവും. കണ്ടൽക്കാടുകൾക്ക് നിലങ്ങൾക്കും അധികം നാശം വരുത്താതെയുള്ള റോഡ്. അതും നമുക്ക് സ്വപ്നം കാണാം. സ്വപ്നം കാണ്ടാലല്ലെ അതിൽ ചിലതെങ്കിലും യാഥാർത്ഥ്യമാകൂ. മലയോളം സ്വപ്നം കാണൂ ഒരു കുന്നോളമെങ്കിലും കിട്ടും, കിട്ടാതിരിക്കില്ല. അല്ലെ :) വീണ്ടും വരാം. എഴുത്തു തുടരൂ.

    ReplyDelete

Post a Comment

Popular posts from this blog

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി