2021 ലെ ഏറ്റവും വിഷമം തോന്നിയ ഒരു വിയോഗം പ്രശസ്ത നടാന്‍ നെടുമുടി വേണു ചേട്ടന്റെ ആയിരുന്നു.
എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണമെന്നു സത്യത്തിൽ ഒരു പിടിയുമില്ല.അങ്ങയെ കുറിച്ച് എന്ത് എങ്ങനെ എഴുതിയാലും അത് തീരെ കുറഞ്ഞു പോകുമെന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നതിനാൽ എഴുതണോ വേണ്ടയോ എന്നും പലവട്ടം ചിന്തിച്ചു.. എന്നിരുന്നാലും അത്രക്ക് ഇഷ്ടമുള്ള ഒരു കലാകാരൻ ആയതുകൊണ്ട് ചെറിയൊരു കുറിപ്പ് എഴുതാമെന്നു കരുതി. സത്യത്തിൽ ഇങ്ങനെ ഒന്നും ഞാൻ എഴുതാറില്ല, കാരണം ഇത് പോലെ ഒന്നും എനിക്ക് എഴുതാൻ അറിയില്ലാത്തതിനാൽ തന്നെ.മറ്റൊന്നു ഇതു പോലെ മറ്റൊരു വിയോഗത്തെ (സിനിമ) കുറിച്ച് എഴുതുവാൻ എനിക്ക് ഇതു വരെ തോന്നിയിട്ടുമില്ല... എന്തായാലും ഒരു രണ്ടു വാക്ക് ഇവിടെ കുറിക്കുന്നു.തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക. മുഖവുര കഴിഞ്ഞ സ്ഥിതിക്ക് കാര്യത്തിലേക് കടക്കാം. നെടുമുടി വേണു എന്ന ഇഷ്ടപെട്ട നടന്റെ വിയോഗം വല്ലാതെ വേദന ഉളവാക്കുന്നു..കഴിഞ്ഞ ദിവസം രാവിലെ ആണ് ഒരു ചാനലിൽ അദ്ദേഹം ഹോസ്പിറ്റലിൽ ആണ് ഗുരുതരാവസ്ഥയിൽ ആണെന്ന് കണ്ടത് , ഉച്ചക്ക് ശേഷം ആൾ പോയി എന്ന് ഫ്ലാഷ് ന്യൂസും.ഇത്ര പെട്ടെന്ന് ഇങ്ങനെ സംഭവിക്കാൻ എന്തായിരുന്നു കാരണം.അറിയില്ല.കോവിഡിനെ തുടർന്ന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായി കേൾക്കുന്നു.🙏 സത്യത്തിൽ ആ വാർത്ത കേട്ടപ്പോൾ എന്തോ പോലെ ആയി മനസ്. വല്ലാത്തൊരു വീർപ്പു മുട്ടൽ. പലവട്ടം ചിന്തിച്ചു മനസ് വേദനിക്കാൻ മാത്രം എന്താണ് ഇദ്ദേഹവുമായുള്ള അടുപ്പം? തമ്മിൽ പരിചയമുണ്ടോ, അടുപ്പമുണ്ടോ,അങ്ങനെയുള്ള ചില ചോദ്യങ്ങൾ? സത്യത്തിൽ ഒന്നുല്ല്യ,നേരിട്ട് പരിചയം പോലുമില്ല.കണ്ടിട്ട് പോലുമില്ലാത്ത ഒരാൾ. ആകെ അറിയാവുന്നത് ഒരു നടൻ ആണ് എന്ന് മാത്രം. പക്ഷെ അവിടെയാണ് ഈ മനുഷ്യൻ നമുക്ക് ആരെങ്കിലുമൊക്കെ ആയിരുന്നു എന്ന് തോന്നി പോവുന്നത്. അല്ലെങ്കിലും പരിചയമില്ലെങ്കിൽ പോലും ചിലരൊക്കെ നമ്മുടെ സ്വന്തം പോലെ തോന്നുമല്ലോ.അത് സ്വാഭാവികം. നമ്മുടെ കുടുംബത്തിലെ,കൂട്ടത്തിലെ, ചുറ്റുവട്ടത്തുള്ള ഒരാളെ പോലെയാണ് പലപ്പോഴും ഇദ്ദേഹത്തെ എനിക്ക് തോന്നിയിട്ടുള്ളത്. അതിനു കാരണം ഒരുപക്ഷെ ഇദ്ദേഹം അവതരിപ്പിച്ച ജീവസുറ്റ ഒരുപിടി നല്ല കഥാപാത്രങ്ങൾ ആയിരിക്കാം, കുട്ടികാലത്തെ സിനിമകൾ കണ്ട് അന്നത്തെ പ്രായത്തിൽ ഒരു മുത്തശ്ശനോട്‌ തോന്നിയ ഇഷ്ടമാവാം. അല്ലെങ്കിൽ സിനിമക്ക് പുറമെ ഒരു നാട്ടിൻ പുറത്തേ നന്മയുടെ ഗന്ധം പരത്തുന്ന ഒരു കലാകാരൻ ആയതുകൊണ്ടാവാം. അറിയില്ല എന്താണ് ഇദ്ദേഹത്തെ ഇത്രമാത്രം ഇഷ്ടം എന്നു. ഇതെല്ലാം കൂടി നോക്കുമ്പോൾ ഈ മനുഷ്യൻ മലയാളികളുടെ മനസ്സിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞു എന്നുള്ളതാണ്. 90 കാലഘട കുട്ടിക്കാലം. മിന്നാമിനുങ്ങിനും നുറുങ്ങുവട്ടം, സർഗം, ഹിസ് ഹൈനസ് അബ്ദുള്ള, വൈശാലി തുടങ്ങിയ അന്നത്തെ ഓർമ്മയിൽ ഉള്ള ചില ചിത്രങ്ങൾ,ഇതിൽ എല്ലാം നെടുമുടി വേണു എന്ന മഹാ നടന്റെ വേഷങ്ങൾ കാണുമ്പോൾ സത്യത്തിൽ വിചാരിച്ചത് ഇദ്ദേഹത്തിനു നല്ല പ്രായം ഉണ്ട്‌.ശരിക്കും എത്ര പ്രായം ഉണ്ട്‌ എന്നു അറിയില്ലായിരുന്നു. നര കയറിയ കഥാപാത്രങ്ങൾ ആ ശൈലിയിൽ അഭിനയിച്ചു ഫലിപ്പിക്കുമ്പോൾ സത്യത്തിൽ ഒരു 65 വയസിനു മേളിൽ പ്രായം ഉണ്ട്‌ എന്നാ അന്നത്തെ പ്രായത്തിൽ ഞാൻ വിശ്വസിച്ചിരുന്നത്. . പിന്നീട് ആണ് മനസിലാക്കിയത് വല്ല്യ പ്രായം ഒന്നുല്ല്യ, ആ കഥാപാത്രത്തിനു വേണ്ടി മാറിയതാണ് എന്ന്. എങ്ങനെ ആയാലും ആ സമയത്ത് എല്ലാം വാർദ്ധക്യ റോളുകൾ എത്ര ഭംഗിയായിട്ടാണ് ഈ മനുഷ്യൻ അഭിനയിച്ചത്, അല്ല അഭിനയിച്ചു എന്ന് പറയുന്നതിനേക്കാൾ നല്ലത് ആ കഥാപാത്രങ്ങളിൽ ഈ മഹാനടൻ ജീവിക്കുകയിരുന്നു എന്ന് പറയുന്നതാവും ശരി. ഇദ്ദേഹം അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടം തോന്നിയ അല്ലെങ്കിൽ വിഷമം തോന്നിയ ഒരു കഥാപാത്രം.ഭരതം സിനിമയിലെ കല്ലൂർ രാമനാഥൻ എന്ന സംഗീതജ്ഞൻ .അതിലെ ഒരു സീൻ.ഒരു വേദിയിൽ കച്ചേരി അവതരിപ്പിക്കാൻ നേരം അത് സാധിക്കാതെ ആ വേദിയിൽ നിന്നും എഴുന്നേറ്റ് പോകുന്ന ആ രംഗം,അന്നും ഇന്നും എന്നും ഓർമ്മയിൽ നിൽക്കുന്ന ഒരു രംഗമാണ്. അതിനു ശേഷമുള്ള അദ്ദേഹത്തിന്റെ അപകട മരണവും അതു പോലെ ബാലേട്ടൻ, ദേവാസുരം, ഹരി കൃഷ്ണൻസ്,ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, ഇഷ്ടം എന്നീ സിനിമകളിലെ അച്ഛൻ കഥാപാത്രങ്ങൾ കൂടാതെ തന്റെ സ്വത സിദ്ധമായ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്‍തയോടെ ചെയ്ത ഒരു കഥാപാത്രം ബെസ്റ്റ് ആക്ടർ സിനിമയിലെ "ഡെൻവർ ആശാൻ " ഇങ്ങനെ എത്ര എത്ര മികച്ച കഥാപാത്രങ്ങൾ ആണ് ഈ മനുഷ്യൻ നമുക്കായി സമ്മാനിച്ചത്. മറ്റൊരു കാര്യം ഈ കഥാപാത്രങ്ങൾ എല്ലാം ഇദ്ദേഹം ചെയ്തതിനേക്കാൾ കൂടുതൽ മികച്ചതായി മറ്റൊരാൾക്ക്‌ ചെയ്യാൻ സാധിക്കില്ല എന്നതാണ്. ഒരു നടൻന്റെ ഏറ്റവും വല്ല്യ പ്രത്യേകതയായി തോന്നിയിട്ടുള്ളത് അയാളുടെ ശരീര ഭാഷയാണ്. അത് എത്രത്തോളം സിനിമയിൽ മികച്ചതാക്കാമോ അത്രത്തോളം മനോഹരമാക്കി ഉപയോഗിച്ചു.തന്റെ ഈ ശരീരഭാഷയും സ്വത സിദ്ധമായ അഭിനയവും ഈ നെടുമുടി എന്ന നടനെ അഭിനയത്തിന്റെ കൊടുമുടിയിൽ എത്തിച്ചു എന്ന് നിസ്സംശയം പറയാം. ഏതു വേഷമായാലും അതിപ്പോ സ്വഭാവ നടൻ, ഹാസ്യം, ഗൗരവം, അച്ഛൻ ഇത് പോലെയുള്ള റോളുകൾ ഇത്രയും ഭംഗിയാക്കി അഭനയിച് ഫലിപ്പിക്കാൻ മറ്റാർക്കു കഴിയും.? ഇവരൊക്കെ ഉള്ളത് കൊണ്ട് തന്നെയാണ് പലപ്പോഴും പറയുന്നത് മറ്റു നാട്ടിലെ (ഭാഷയിലെ )നടന്മാരേക്കാൾ എത്രയോ മുകളിൽ ആണ് നമ്മുടെ മലയാള സിനിമയിലെ അഭിനയ പ്രതിഭകൾ എന്ന് അത്രയും അധികം സമ്പന്നമാണ് മലയാള ചലച്ചിത്ര ലോകം. ഇതെല്ലാം പുറമെ കുട്ടനാട്ടെ തനി നാട്ടിൻ പുറക്കാരന്റെ തനിമയോടെ ആ ശീലുകൾ, നാടൻ പാട്ടുകൾ, നാടകം, ഇതെല്ലാം ഇദ്ദേഹത്തിന്റെതു മാത്രമായിരുന്നു.എല്ലാം ഇദ്ദേഹത്തിന് അവകാശപ്പെട്ടത്. ഒരു പരിഭവം തോന്നിയിട്ടുള്ളത് അവാർഡുകളുടെ കാര്യത്തിൽ ആണ്. പക്ഷെ ചലച്ചിത്ര ലോകം, സിനിമ പ്രേമികൾ നൽകുന്ന അംഗീകാരത്തെക്കാൾ വലുത് അല്ലല്ലോ മറ്റേത് അവാർഡുകളും.അത് വേണ്ടുവോളം ലഭിച്ച ഒരു നടൻ കൂടി ആണ് നെടുമുടി വേണു. മറ്റൊരു കാര്യം മിക്ക ഇന്റർവ്യൂകളിലും കേട്ടത് എല്ലാരോടും ഉള്ള സുഹൃദ്ബ ന്ധങ്ങൾ. ഇക്കാലമത്രയും ഒരു പരിഭവമോ പരാതിയോ ഇല്ലാതെ അഭിനയിച്ചു എല്ലാവരുടെയും സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും ഇഷ്ടപെട്ട നടൻ ആയി തന്റെതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാൻ കഴിയുക എന്നത് നിസ്സാര കാര്യമല്ല. മിക്കപോളും നമ്മൾ ചിലരുടെ മരണത്തെ കുറിച്ച് സംസാരിക്കുമ്പോ കേൾക്കുന്ന ഒന്നാണ് തീരാ നഷ്ടം എന്ന ഒരു വാക്ക്. ഈ നഷ്ടം നികത്താൻ പറ്റില്ല എന്ന്.മറ്റുള്ളവരെ ഞാൻ ഇവിടെ പറയുന്നില്ല പക്ഷെ നെടുമുടി സർ, അങ്ങയുടെ കാര്യത്തിൽ അത് തീർത്തും ശരിയാണ്.അങ്ങയുടെ വിയോഗം തികച്ചും വലിയൊരു നഷ്ടം തന്നെയാണ്. ഇനിയും ഒരുപാട് ഒരുപാട് യാത്രകൾ ചെയ്യേണ്ടതായിരുന്നു. എത്രയെത്ര മികച്ച കഥാപാത്രങ്ങൾ ഈ നടനിൽ നിന്നും ഇനിയും പിറവിഎടുക്കേണ്ടതായിരുന്നു. നിസ്സംശയം പറയാം അങ്ങേക്ക് തുല്യം അങ്ങ് മാത്രം പകരം വെയ്ക്കാനില്ലാത്ത മഹാനടൻ 🙏🙏🙏 ഇക്കാലമത്രയും ചലച്ചിത്ര ലോകത്ത് വ്യത്യസ്തയാർന്ന എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു പാട് ജീവനുള്ള കഥാപാത്രങ്ങൾ സമ്മാനിച്ച അങ്ങേക്ക് പ്രണാമം

Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി