ശില്പ സൗന്ദര്യത്തിന്റെ കാഴ്ചകള്‍ തേടി.ഒരു തഞ്ചാവൂര്‍ യാത്ര




കലയുടെയും സാഹിത്യത്തിന്റെയും  പുകള്‍പെറ്റസാംസ്കാരിക നഗരി, ദ്രാവിഡ ശില്പ ചാതുര്യതയില്‍  മനോഹരമാക്കിയ  ചരിത്ര രേഖകളില്‍ സ്ഥാനം നേടിയ  തമിഴ്‌ നാട്ടിലെ തഞ്ചാവൂര്‍  ക്ഷേത്രം  ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കുക എന്നത് എന്റെ ഏറ്റവും വല്ല്യ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. ലോകാതിശയങ്ങളില്‍ ഒരെണ്ണം എന്ന് നമുക്ക്‌  നിസ്സംശയം പറയാന്‍ സാധിക്കുന്ന ഒരു ബ്രഹ്മാണ്ഡ ക്ഷേത്രം .സുഹൃത്തുക്കള്‍ എടുത്ത തഞ്ചാവൂര്‍ അടക്കമുള്ള തമിഴ്നാട്ടിലെ മറ്റു ക്ഷേത്രങ്ങളുടെ ചിത്രങ്ങളും കണ്ടപ്പോള്‍ ഇവിടം ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കണം എന്ന്  ഉറപ്പിച്ചിരുന്നു.അതിലുപരി ഒരു അടങ്ങാത്ത ആഗ്രഹമായി ഈ ക്ഷേത്രം സന്ദര്‍ശിക്കണം എന്ന്  മനസ്സില്‍ കൊണ്ട് നടന്നിരുന്നു.പഴമയുടെ ഗന്ധം പേറി ഏറെയൊന്നും പുതിയ നിര്‍മ്മിതികളൊന്നും ഇല്ലാത്ത ഒരു സാധാരണ നഗരം.

മൂന്നാല് വര്‍ഷമായി പ്ലാന്‍ ചെയ്തിരുന്ന ഈ യാത്ര ഒന്ന് രണ്ടു തവണ  മുടങ്ങിഎങ്കിലും  ഒടുവില്‍ അത് കാണുവാനുള്ള ഭാഗ്യം എനിക്കുണ്ടായി.മണിച്ചേട്ടന്‍,ഹരി ച്ചേട്ടന്‍, രവി ച്ചേട്ടന്‍ പിന്നെ ഞാനും,ഞങ്ങള്‍ നാല് പേര്‍  ഹരിച്ചേട്ടന്റെ കാറില്‍ വ്യാഴാഴ്ച രാത്രി  8 മണിയോടെ  എളങ്കുന്നപ്പുഴയില്‍ നിന്ന് യാത്ര തിരിച്ചു.ഏകദേശം 475 കിലോമീറ്റര്‍ ദൂരം  ഉണ്ട് തഞ്ചാവൂര്‍ക്ക്.  പ്രധാന ലക്‌ഷ്യം ഇവിടം ആയിരുന്നുവെങ്കിലും ഇത്രയും ദൂരം  പോകുന്ന സ്ഥിതിക്ക്‌ സമീപത്തെ മറ്റു ചില മഹാ ക്ഷേത്രങ്ങള്‍ കൂടി സാഹചര്യവും സൌകര്യവും നോക്കി സന്ദര്‍ശിക്കാം എന്നൊരു ഉദ്ദേശം കൂടി ഉണ്ടായിരുന്നു.പാലക്കാട്‌ ,പൊള്ളാച്ചി,ദിണ്ടിഗല്‍, ട്രിച്ചി വഴി   പുലര്‍ച്ചെ 6 മണിയോടെ ഞങ്ങള്‍ തഞ്ചാവൂര്‍ എത്തിച്ചേര്‍ന്നു.ഈ യാത്രയില്‍ ഗൂഗിള്‍ മാപ് സൗകര്യം വേണ്ടവിധം ഉപയോഗിച്ചു ഏന് വേണേല്‍ പറയാം. 

അശോക ഹോട്ടല്‍ 

ക്ഷേത്രത്തിന്റെ സമീപത്ത്‌ തന്ന  ഒരു ഹോട്ടലില്‍ (അശോക ലോഡ്ജ്)മുറിയെടുത്തു ഫ്രഷ്‌ ആയി. സാധാരണ നാട്ടിലെ രീതിയനുസരിച്ചു കുളികഴിഞ്ഞു ക്ഷേത്ര ദര്‍ശനത്തിനു ശേഷമാണ് പ്രഭാത ഭക്ഷണം.പക്ഷെ ഇവിടെയൊന്നും അങ്ങനെ ശീലിക്കാന്‍ അല്പം ബുദ്ധിമുട്ട് ആണ്.അത് കൊണ്ട്  എങ്ങനെ  പ്രഭാത ഭക്ഷണവും (നല്ല അസ്സല്‍ പൂരിയും പിന്നെ ഒരു പ്ലേറ്റ് ഇടളിയും നല്ലൊരു ബ്രൂ കോഫീയും കുടിച്ചു നേരെ  ക്ഷേത്രത്തിലേക്ക് തിരിച്ചു.
താമസിച്ചിരുന്ന ഹോട്ടല്‍ ക്ഷേത്രത്തിന്റെ സമീപത്ത്  നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ ആയതിനാല്‍  ഫ്രഷ്‌ ആയ ശേഷം കാറില്‍ തന്നെ ആണ് ഇങ്ങോട്ട് വന്നത്.

കയ്യിലുള്ള തോള്‍സഞ്ചിയില്‍ ക്യാമറ എടുത്തു വെച്ച് കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോളാണ് സമീപത്ത്‌ പാര്‍ക്ക്‌ ചെയ്തിരുന്ന ഒരു വാഹനം ശ്രദ്ധിച്ചത്.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍  വന്ന  അത്യാധുനിക സൌകര്യങ്ങളോടെ ഉള്ള ഒരു വാഹനം.ജര്‍മ്മനിയില്‍ നിന്ന് എത്തിയവര്‍ ആണ് എന്ന് തോന്നുന്നു.


റോഡ്‌ ക്രോസ് ചെയ്തു ക്ഷേത്രത്തിന്റെ ആദ്യ കവാടത്തിനു അരികില്‍ എത്തിയപ്പോള്‍ എനിക്കൊരു സംശയം ഉണ്ടായിരുന്നു ക്യാമറ അനുവദനീയമാണോ എന്ന്.കാരണം ഇപ്പോള്‍ സുരക്ഷയുടെ ഭാഗമായി മിക്ക വലിയ ക്ഷേത്രങ്ങളിലും ക്യാമറ അകത്ത്‌ പ്രവേശിപ്പിക്കാന്‍ സാധ്യമല്ല എന്ന് എഴുതി വെച്ചിട്ടുള്ള ബോര്‍ഡ്‌ കാണാം.അകത്തു നിന്ന് ദര്‍ശനം കഴിഞ്ഞു ഇറങ്ങി വരുന്ന ഒരു ഫോറിന്‍ സഞ്ചാരിയുടെ കയ്യില്‍ ക്യാമറ കണ്ടപ്പോള്‍ സമാധാനമായി. ചോദിച്ചപ്പോള്‍  നോ പ്രോബ്ലം എന്നു ആള്‍ പറഞ്ഞപ്പോള്‍ എന്റെ മുഖത്ത് ആയിരം പൂത്തിരികള്‍ കത്തിച്ച സന്തോഷമായിരുന്നു.കാരണം ഇതിനു മുന്നേ രാമേശ്വരത്തും മധുരയിലും പോയ സമയം ക്യാമറക്ക്‌ നിയന്ത്രണം ഉള്ളതിനാല്‍ അവിടെ ചിത്രങ്ങള്‍ എടുക്കാന്‍ സാധിച്ചിരുന്നില്ല.മൊബൈല്‍ ക്യാമറ വെച്ച് കുറച്ചു ചിത്രങ്ങള്‍ എടുത്തു.പക്ഷെ അത് അത്ര ക്ലിയര്‍ ആയതുമില്ല.അത് കൊണ്ട് ഇവിടെ ക്യാമറ അനുവദനീയമാണ് എന്നറിഞ്ഞപ്പോള്‍ ഉത്സാഹത്തോടെ നേരെ ആദ്യത്തെ കവാടമായ മറാത്ത കവാടം വഴി അകത്തേക്ക് പ്രവേശിച്ചു .ഇവരുടെ കാലഘട്ടത്തില്‍ ആണ് ഈ ക്ഷേത്രം ബ്രിഹദീശ്വര ക്ഷേത്രം എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ആദ്യകാലത്ത് രാജ രാജ ചോഴൻ പണികഴിപ്പിച്ചതിനാൽ ക്ഷേത്രത്തിന് രാജരാജേശ്വര ക്ഷേത്രമെന്നും പെരുവുടയാർ കോവിൽ എന്നുമാണ് അറിയപ്പെട്ടിരുന്നത്  .ചോഴഭരണകാലത്താണ്‌ ഈ പേരുകൾ നിലനിന്നിരുന്നത്.

പ്രവേശന കവാടം കഴിഞ്ഞു നേരെ അകത്തേക്ക്‌  പ്രവേശിക്കുമ്പോള്‍ മനോഹരമായ കൊത്തു പണികള്‍ ചെയ്ത ഒരു ഗോപുരം കാണാം.പ്രധാന രണ്ടു ഗോപുരങ്ങളില്‍ ഒന്നാണ് ഇത്.പലരും ഗോപുരത്തിന്റെ മുന്നില്‍ നിന്ന് സെല്ഫികളും അല്ലാതെയും ഉള്ള ചിത്രങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു.


ഈ ഗോപുരത്തിന്റെ പേര് കേരളാന്തകന്‍ തിരുവാസല്‍ എന്നാണു.കേരളനാട്ടുരാജാവായ ശ്രീ ഭാസ്കരരവിവർമ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജൻ ഒന്നാമനു  കേരളാന്തകൻ എന്ന് പേര് ലഭിച്ചു എന്നും  അതിന്റെ ഓര്‍മ്മയ്ക്കായി  ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകൻ തിരുവാസല്‍  എന്ന് നാമകരണം ചെയ്തു എന്നും പറയുന്നു.നിരവധി മനോഹരമായ ശിൽപ്പങ്ങൾ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. 


പുരാണകഥാസന്ദർഭങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന ഈ അടുത്ത  ഗോപുരത്തിന്റെ പേരു രാജരാജൻ തിരുവാസല്‍. നിറയെ കൊത്തുപണികള്‍ ആലേഖനം ചെയ്ത ഒരു ഗോപുരമാണ്. 
അതും കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍  ബൃഹദീശ്വരന് അഭിമുഖമായി  സ്ഥാപിച്ചിരിക്കുന്ന പടുകൂറ്റന്‍ നന്ദിയുടെ പ്രതിമയാണ്.നന്ദിയുടെ ഭീമാകാരമായ പ്രതിമ ഏകദേശം 25 ടൺ ഭാരമുള്ള ഒറ്റക്കല്ലിൽ തീർത്തിരിക്കുന്നു.

ഏകദേശം പതിനഞ്ച് അടിയോളം ഉയരമുള്ള  പടുകൂറ്റന്‍ നന്ദിയെയും മൂന്നു വിശാലമായ മണ്ഡപങ്ങളും കടന്നു വേണം ഗര്‍ഭഗൃഹത്തിലെത്താന്‍.ചോളരാജ ഭരണ കാലത്തെ  ശൈവസംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍ കല്ലില്‍ കൊത്തിവെച്ചത് ഇത്രയേറെ മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ സാധികുമോ എന്ന് സംശയമാണ്.ഹിന്ദു പുരാണത്തില്‍ പറയുന്ന തഞ്ചന്‍ എന്ന് പേരുള്ള ഒരു അസുരനെ മഹാവിഷ്ണു വധിക്കുകയും ആ  അസുരന്റെ അവസാന ആഗ്രഹം എന്നാ നിലയില്‍ നഗരത്തിനു ആ പേര് നല്‍കുകയായിരുന്നു എന്നും പറയുന്നു.(വേറെയും പല കഥകളും പറയുന്നുണ്ട്)




തൃമൂര്‍ത്തികള്‍ എന്നറിയപെട്ടിരുന്ന പ്രശസ്ത സംഗീതജ്ഞര്‍ ആയ ശ്യാമ ശാസ്ത്രികള്‍,ത്യാഗരാജ സ്വാമികള്‍ ,മുത്തുസ്വാമി ദീക്ഷിതര്‍ എന്നിവര്‍ ഇവിടെ ആണ് താമസിച്ചിരുന്നത്., ഭരതനാട്യം, കര്‍ണാടകസംഗീതം, ദ്രാവിഡ ശില്‍പ്പകല, ചിത്രകല, നാടകം, സാഹിത്യം എന്ന് വേണ്ട കല സാഹിത്യത്തിന്റെ സകല വസ്തുതകള്‍ക്കും സാക്ഷ്യം വഹിച്ച തഞ്ചാവൂര്‍ ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കേണ്ട ഒന്നാണ്ചെന്നൈയില്‍   നിന്നും 200 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി കാവേരി നദിയുടെ സമീപത്തു ആണ് ക്ഷേത്രം  സ്ഥിതി ചെയ്യുന്നത്.


ക്ഷേത്ര നിര്‍മ്മാണം 

ഭൂനിരപ്പില്‍ നിന്ന് ഏതാണ്ട് 350 അടിയോളം  ഉയരമുണ്ട് ഈ ക്ഷേത്രത്തിനു.
എ ഡി 985 മുതല്‍ 1014 വരെ ഭരിച്ച ചോഴ രാജവംശത്തിലെ ഏറ്റവും ശക്തനായ രാജരാജചോഴന്‍ ഒന്നാമന്റെ കാലത്താണ്  തഞ്ചാവൂര്‍ ക്ഷേത്രം നിര്‍മിച്ചത്.1006ല്‍ നിര്‍മാണം തുടങ്ങിയ ക്ഷേത്രം  1010 ഇല്‍ പൂര്‍ത്തിയായി.ചോള രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന തഞ്ചാവൂര്‍ ചോള രാജാക്കന്മാരുടെ കാലത്ത് തന്നെയാണ് തഞ്ചാവൂരിന്റെ പ്രാധാന്യം അറിയുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ  അവസാനത്തോടെ രാജ്യത്തിന്റെ സാംസ്കാരിക കേന്ദ്രമായി മാറി ഇവിടം. 1987 ല്‍ യുനെസ്കോ ഈ ക്ഷേത്രത്തെ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു .ഇവിടെ ജാതി മത ഭേദമോന്നുമില്ല.എല്ലാവര്‍ക്കും ദര്‍ശനം അനുവദനീയമാണ്.കാരണം ഇത് ഒരു ദേവാലയം മാത്രമല്ല.ഇന്തയിലെ ഒരു ടൂറിസ്റ്റ്‌ കേന്ദ്രം കൂടിയാണ്.യുനസ്കോയുടെ അധീനതിയില്‍ ആയത് കൊണ്ട് ക്ഷേത്ര സമുച്ചയം നല്ല വൃത്തിയായ രീതിയില്‍ സൂക്ഷിക്കുന്നുണ്ട്.


പൂര്‍ണമായും കരിങ്കല്ലില്‍ തീര്‍ത്ത ആദ്യത്തെ മഹാക്ഷേത്രമാണിത്. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ പണിതതാണത്രെ ശ്രീകോവിലിന്റെ മഹാമകുടം. നിഴല്‍ വീഴില്ല എന്നൊരു പ്രധാന സവിശേഷത ഈ ക്ഷേത്രത്തിന്‌ ഉണ്ട്

ആറു കിലോമീറ്റര്‍ നീളത്തില്‍ ചരിഞ്ഞ പ്രതലത്തില്‍ ഉയര്‍ന്നുയര്‍ന്നുപോകുന്ന പാത കെട്ടിയുയര്‍ത്തി അതിലേ ഉരുട്ടിയാണ് കുംഭഗോപുരം മുകളിലെത്തിച്ചത്. 66 മീറ്റര്‍ ഉയരത്തില്‍ 13 നിലകളുള്ളതാണ് ക്ഷേത്രവിമാനം.ചുറ്റുമതിലും മൂന്നു ഗോപുരങ്ങളും അതിന് ക്ഷേത്രത്തേക്കാള്‍ കോട്ടയുടെ രൂപഭാവങ്ങളാണ് നല്‍കുന്നത്. മൂന്നു വശത്തും കിടങ്ങുകളുണ്ട്. തെക്കു ഭാഗത്ത് വലിയ ഒരു കനാലും.അക്കാലത്ത്‌ കാവേരിയില്‍ തീര്‍ത്ത അണക്കെട്ടില്‍ നിന്ന് ചാലുകള്‍ കീറി നാല് വശത്തായി നിര്‍മിച്ചിരുന്ന കിടങ്ങുകളിലേക്ക് വെള്ളം ഒഴുകിയെത്തുമായിരുന്നു.

. 
സവിശേഷതകള്‍ ഏറെയാണ് ഈ ക്ഷേത്രത്തിനു.12 അടിയോളം ഉയരത്തിലുള്ള ലിംഗ രൂപത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. 100 ല്‍ പരം  ശിവലിംഗങ്ങള്‍ ഈ ക്ഷേത്രത്തില്‍ കാണാം. മൂലപ്രതിഷ്ഠയായ ലിംഗരാജനും കോഷ്ടമൂര്‍ത്തികളായ ദക്ഷിണാമൂര്‍ത്തി, സൂര്യന്‍, ചന്ദ്രന്‍ എന്നിവര്‍ക്കും ഭീമാകാരമായ വിഗ്രഹങ്ങളാണുള്ളത്. അഷ്ടദിക്‌പാലകര്‍ക്കും ആറടിയില്‍ കുറയാത്ത ഉയരമുള്ള വിഗ്രഹങ്ങള്‍ ഉണ്ട്. മുരുകന്‍, ആഞ്ജനേയന്‍, വരാഹി, വിനായഗര്‍, നടരാജ പ്രതിഷ്ഠകളും ക്ഷേത്രസമുച്ചയത്തിലുണ്ട്.


മുഖ മണ്ഡപത്തിലെ നന്ദിയും തൊഴുതു ഞങ്ങള്‍ ദ്വാരപാലകരെയും വണങ്ങി പടികള്‍ കയറി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു.ആരതി ഉഴിഞ്ഞ തട്ടുമായി പൂജാരി ഞങ്ങള്‍ക്ക് അരികിലേക്ക്‌ വന്നു.മഹാദേവനെ മനസ്സ് നിറയെ തൊഴുതു പ്രസാദവുമായി ഇടതു വശത്തുകൂടി ഞങ്ങള്‍ പടികള്‍ ഇറങ്ങി.ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു നോക്ക്യപ്പോള്‍ അതിശയോക്തി വീണ്ടും കൂടുകയാണ്.എവിടെ നോക്കിയാലും അതി വിശിഷ്ടമായ കൊത്തു പണികള്‍ ചെയ്തിരിക്കുന്നു.ഫോട്ടോ എടുക്കാനുള്ള തിരക്കില്‍ ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടി നടന്നു പറ്റാവുന്ന ചിത്രങ്ങള്‍ ഒപ്പിയെടുത്തു.പ്രദക്ഷിണം വെച്ച് വരുമ്പോള്‍ കാണുന്ന  സുബ്രഹ്മണ്യന്റെ നടയില്‍  അല്പം നേരം വിശ്രമിച്ച ശേഷം   ക്ഷേത്ര മതില്‍കെട്ടിന് പുറത്തേക്കിറങ്ങി പാര്‍ക്കിംഗ് ഗ്രൌണ്ടിലേക്ക് നടന്നു.


അവിടെ അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു ,കൊട്ടാരവും മ്യൂസിയവും ഒക്കെ സമീപത്ത്‌ തന്നെയാണ് എന്ന്.സമയം പാഴാക്കാതെ  ബ്രിഹദീശ്വര സന്നിധിയില്‍ നിന്നും  നേരെ ഞങ്ങള്‍ അവിടേക നീങ്ങി .



അവിടെ ക്യാമറക്ക്‌ ടിക്കറ്റ്‌ എടുക്കണം.എന്നാലും സാരമില്ല.അതിനകത്തേ മനോഹര കാഴ്ചകള്‍ മറ്റൊരു ദ്രിശ്യവിരുന്നാണ് ഞങ്ങള്‍ക സമ്മാനിച്ചത്.പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ക്ഷേത്ര സമുച്ചയത്തിന്റെ അതിശയോക്തി മനസ്സില്‍ മായത്തത് കൊണ്ട് മ്യൂസിയത്തിലെ കാഴ്ചകള്‍ മനസ്സില്‍ തങ്ങിയില്ല. മ്യൂസിയത്തില്‍ ഒരു തിമീംഗലത്തിന്റെ അസ്ഥികൂടം കാണാന്‍ ഇടയായി.നീളവും അതിന്റെ ഭാരവും അതിശയിപ്പിച്ചു എന്ന് വേണേല്‍ പറയാം.ചോള രാജാക്കന്മാരുടെ ശക്തിയും അവരുടെ ശില്പ സന്ദര്യമൊക്കെ ഇവിടെ കാണുവാന്‍ സാധിക്കും.അല്‍പ നേരം അവിടെ എല്ലാം ചുറ്റി കറങ്ങിയ ശേഷം വൈകീട്ട് ആയപ്പോള്‍ ഞങ്ങള്‍ നേരെ റൂമിലെത്തി.തലേ ദിവസത്തെ ഉറക്ക ക്ഷീണവും രാവിലത്തെ കറക്കവും എല്ലാം കൊണ്ട് സുഖമായി കിടന്നുറങ്ങി. 



ഒരു വേറിട്ട അനുഭൂതി തന്നെ ആയിരുന്നു  തഞ്ചാവൂര്‍.നമ്മളെ മറ്റൊരു മായികലോകത്തേക്ക്‌ കൊണ്ട് പോകുന്ന പ്രതീതിയാണ് അവിടത്തെ കല്ലില്‍ കൊത്തിവെച്ച ശില്പങ്ങളും ക്ഷേത്രത്തിന്റെ ചുറ്റുപാടും കണ്ടപ്പോള്‍.ഇടതടവില്ലാതെ എന്റെ പക്കലുള്ള ക്യാമറ ഓരോ ചിത്രങ്ങളും  ഒപ്പിയെടുത്തു. .പരമ്പരാഗതമായി കല്ലില്‍ ശില്‍പ്പവേല ചെയ്യുന്നവരുടെ പിന്തുടര്‍ച്ചക്കാര്‍ ഇന്നും തന്ചാവൂരിലുണ്ട്. ചെറിയ ചെറിയ ക്ഷേത്രംപണികളും വിഗ്രഹം കൊത്തലുമായി അവര്‍ കാലം കഴിക്കുന്നു .ഇങ്ങനെയൊരു ക്ഷേത്രം ഇന്നത്തെ കാലത്ത് നിര്‍മ്മിക്കാന്‍ സാധിക്കുമോ,ഇതേപോലെ ഇത്രയും വിസ്താര ത്തോടെ മനോഹര കൊത്തുപണികളുമായിയി.ചിന്തിക്കാന്‍  പോലും സാധിക്കില്ല.

  

ഇനി ശ്രീരംഗത്തേക്ക്‌ 


Comments

  1. കഴിവുകൾ അത് ദൈവം കുറച്ചു പേർക്ക് കൊടിലുത്തുള്ള ചിലരിൽ ഒരാളാണ് സതീഷ് എംനാരായണൻ ഉണ്ണി

    ReplyDelete

Post a Comment

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി