ഒരു വിഷുക്കാലത്തിന്റെ ഓര്‍മ്മയില്‍

അല്പം പഴയതാ,കഴിഞ്ഞ വിഷുക്കാലത്ത് എഴുതിയ ഒരു  ബ്ലോഗ്‌ ആണ്.

അമ്മേ നാളെ ഇഡലിയല്ലേ രാവിലെ,ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ.ഉടനടി അമ്മയുടെ മറുപടി വന്നു,നാളെ വിഷുവാണ് എന്ന കാര്യം അറിയോ,നാളെ എങ്കിലും നീ ഒന്ന് നേരത്തെ എഴുന്നേറ്റ് കുളിച്ച് ആണ്ടവനെ തൊഴുതിട്ടു വരൂ ആദ്യം,എന്നിട്ടാവാം എന്തുണ്ടാക്കണം എന്നത്.പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല.ഇത്തവണ ചെക് അപ്പിനു പോയപ്പോൾ ഡോക്ടറോട് ഞാൻ ചോദിച്ച ആദ്യത്തെ കാര്യം ഒന്നു തലകുളിക്കാമോ എന്നാ.കാരണം വയ്യാതെ ഇരിക്കുന്നത് കൊണ്ട് കുറച്ചു ദിവസത്തേക് മേൽ കഴുകൽ തന്നെ ധാരാളം എന്നായിരുന്നു ഡോക്ടർ പറഞ്ഞിരുന്നത്.
അപ്പോള്‍ നമ്മള്‍  പറഞ്ഞു വന്നത് ഇഡലിയുടെ കാര്യവാ.ഒരു നല്ല ദിവസം അതിപ്പോൾ വിഷു ആകട്ടെ, അവധി ദിവസമാവട്ടെ അതല്ല ഇനി ഏതെങ്കിലും മറ്റു വിശേഷ ദിവസമാവട്ടെ,രാവിലത്തെ പ്രാതലിന് ഇഡലി വേണം എന്നൊരു നിർബന്ധബുദ്ധി ഉണ്ട് എനിക്ക്.കൂടെ മല്ലി,ഉണക്കമുളക്,ജീരകം,അല്പം കായം,തേങ്ങാ,ഇതൊക്കെ വറുത്തരച്ച് ഉണ്ടാക്കുന്ന അമ്മയുടെ സമ്പാറും നല്ല അസ്സൽ തേങ്ങ ചട്ട്നിയും വേണേൽ കാന്താരിമുളക് ചതച്ച് വെളിച്ചെണ്ണയിൽ ചാലിച്ചത് കൂടി ഉണ്ടങ്കിൽ ബഹുകേമം.

കുട്ടിക്കാലത്ത് വേനൽ അവധിക്കായി സ്കൂൾ അടച്ചു കഴിഞ്ഞാല്‍ ആദ്യം മനസ്സിൽ തെളിയുന്നത് വിഷുക്കാലവും ക്രിക്കറ്റ്‌ കളിയും ആണ്.സ്കൂൾ അവധിക്കാലം ആയതിനാൽ രാവിലെ തന്നെ ക്രിക്കറ്റ് കളി തുടങ്ങിയിട്ടുണ്ടാകും. തൊട്ടടുത്ത ജയ കൃഷ്ണന്റെ (ദീപു) വീടാണ് (മോറാക്കൽ)പ്രധാന വേദി, ജവഗൽ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, അനിൽ കുംബ്ലെ, സിധു, അസറുദ്ദീൻ ,ജഡേജ തടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ, ഇടയ്ക്ക് എപ്പോഴൊ റമീസ് രാജയും വെംഗ് സർക്കാറും രവി ശാസ്ത്രിയും ഒക്കെ വന്നിരുന്നു.ശ്രീനാഥ് ആയിരുന്നു ഇഷ്ട ബൗളർ എങ്കിലുംഇടയ്ക്ക് ഓപ്പണിംഗ് ബാറ്റ്സ്മാനും ഓപ്പണിങ് ബൗളറും ആകാറുള്ളത് മൂലം  ഇടക്ക് മനോജ് പ്രഭാകർ ആയി മാറാറുണ്ട്. എന്റെ ബോൾ ഫേസ് ചെയ്യുന്ന ബാറ്റ്സ്മാൻ ജിത്തു ആയതു കൊണ്ട് 1996 ലോകകപ്പിൽ ജയസൂര്യയും കലു വിതരണയും പ്രഭാകറിനെ നിലം പരിശാക്കിയത പോലെ ആയിരുന്നു (അന്ന് 3 ഓവറിൽ 33 റൺസ് വല്യ കാര്യമായിരുന്നു. ഇന്ന് അത് ഒന്നുമല്ല. അന്ന് ഒരു കളിക്കാരന്റെ പതനം എന്ന് വേണേൽ പറയാം ) എന്റെ അവസ്ഥഅനിയൻ വിനീത്,ശ്രീക്കട്ടൻ,ദീപു,ജിത്തു, ബിനോയ്,പ്രമോദ്,മിഥുൻ,അനിയൻ ഉണ്ണി, ബെന്നി ഇടയ്ക്കുവരുന്ന ബിച്ചേട്ടൻ, മധു ചേട്ടൻ, രാജേഷ് ചേട്ടൻ തുടങ്ങിയവരൊക്കെയാണ് പ്രധാന താരങ്ങൾ.രാവിലത്തെ കളി കഴിഞ്ഞ് വീട്ടിൽ വര്യാ ഊണ് കഴിഞ്ഞ് വീണ്ടും കളിയ്ക്കാൻ പോകുക ഇതായിരുന്നു അവസ്ഥ.

 വിഷുവിന്റെ തലേ ദിവസം  രാവിലെ മുതൽ അമ്മയ്ക്ക് ജോലി കൂടുതല്‍ ആണ്. വൈകിട്ട് മേട സംക്രമം.അതിനു മുന്നെ വീട് അടിച്ചു വാരി തുടയ്ക്കുക. അത് തന്നെ പ്രധാന പണി.അച്ചടക്കവും അടുക്കും ചിട്ടയും അമ്മയുടെ രണ്ടു മക്കൾക്കും കൂടുതലായതു കൊണ്ട് പ്രത്യേകം പറയേണ്ടതില്ലല്ലാ അമ്മയുടെ ബുദ്ധിമുട്ടിനെ കുറിച്ച്.വൈകീട്ടത്തെ സംക്രമം കഴിഞ്ഞാൽ മുത്തശ്ശി നോക്കും.ആരാണാവോ പടി കടന്നു വരുന്നത്.നല്ലവർ ആരെങ്കിലും വന്നാൽ മതി എന്നതായിരിക്കും ചിന്ത. ഒരു ചൊല്ലുണ്ട്. മലയാള മാസം ഒന്നാം തിയ്യതി,സംക്രമം.ഈ സമയത്തൊക്കെ  വീട്ടിലേക്ക്‌ വരുക,ഇത്ക്കെ ആര് ആദ്യം പടി കടന്നു വരുന്നുവോ ആളെ ചുറ്റി പറ്റിയിരിക്കും സംക്രമ ഫലം എന്ന് പറയാറുണ്ട്.

സന്ധ്യ ആയാല്‍ മുത്തശ്ശി  സന്ധ്യാ ദീപംതൊഴുതു ഉമ്മറത്ത് വന്നിരുന്ന് മാല കെട്ടാൻ ആരംഭിക്കും.അപ്പോഴേക്കും അച്ഛന്‍ ജോലി കഴിഞ്ഞു വന്നു കുളി കഴിഞ്ഞു ക്ഷേത്രത്തിലെ അത്താഴ ശീവേലിക്ക് പോകുവാന്‍ റെഡി ആയിട്ടുണ്ടാകും.

(അന്ന് ഞങ്ങളോടൊന്നു ഒന്ന് ശീവേലിക്ക് പോകാൻ പറഞ്ഞാൽ ഞാനും അനിയനും തമ്മിൽതല്ലായി, ഇന്നലെ ഞാൻ അല്ലേ പോയത് ഇന്ന് നീ പോകൂഎന്നൊക്കെ പറഞ്ഞു വഴക്കാവും.മടി തന്നെ അല്ലാതെ വേറെ ഒന്നുമില്ല്യ.മാലകെട്ടുന്നതിന്റെ കാര്യത്തിലും ഇതു തന്നെ. ഇന്നിപ്പോൾ ഒരു മടിയും കൂടാതെ ചെയ്യുന്നു ).ചിലപ്പോൾ അഛൻ ശീവേലി കഴിഞ്ഞു തിരിച്ചു വരുമ്പോഴും മുത്തശ്ശിയുടെ മാല കെട്ട് കഴിഞ്ഞിട്ടുണ്ടാവില്ല. മുത്തശ്ശി സാവധാനം നല്ല ഭംഗിയിലൊക്കെ കെട്ടുകയുള്ളൂ. നേരെ തിരിച്ചാണ് അച്ഛൻ, അച്ഛന്റെ സ്പീഡ് ഇവിടെയുള്ളവർക്കും പുറമേ മറ്റു ക്ഷേത്രങ്ങളിൽ ഉള്ളവർക്കും നന്നായി അറിയുന്നതാണ്.ഒരാൾ വന്നു അച്ഛനോട് മാല ഒരെണ്ണം വേണം എന്ന് പറയുമ്പോൾ അച്ഛൻ അയാളോട് വിശേഷം ചോദിച്ചു മുഴുവൻ ആകേണ്ടി വരില്ല അപ്പോളേക്കും മാല കെട്ടി കഴിഞ്ഞിട്ടുണ്ടാകും അതാ

വിഷു തലേന്ന്  രാത്രി അച്ഛന്റെ അമ്മയുടെ മേൽനോട്ടത്തിലായിരുന്നു വിഷു കണി ഒരുക്കൽ. പൂജാ മുറിക്കു മുന്നില്‍ ആയി ആദ്യം നിലവിളക്ക് വെയ്ക്കുക, ഒരു ഉരുളിയിൽ അല്പം നെല്ലും അരിയും (അക്ഷതം) ഇടുക.കൃഷ്ണ വിഗ്രഹം, വെള്ളരി ,കൊന്നപ്പൂവ്,നാണയം,വാൽക്കണ്ണാടി അലക്കിയ വസ്ത്രം, സ്വർണ്ണം, തേങ്ങാമുറി രണ്ടായി അതിൽ തിരിയിട്ടു വെക്കുക, പിന്നെ വേണച്ചാൽ ചക്ക മാങ്ങ എന്നിവയൊക്കെ വെക്കും. (ഇവിടത്തെ രീതി ഇതാണ്, എല്ലായിടത്തും ഇതാവണം എന്നില്ല).അന്നൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല കൊന്നപ്പുവിന്, എവിടെയാണെലും മരത്തിൽ കേറി പറിക്കും കൂട്ടുകാരുമായി. ഇന്നത്തെ കാലത്ത് കൊന്ന പൂവ് കണ്ടുകിട്ടാൻ പോലുമില്ല. വിഷു വിന്റെ അന്ന് മാത്രംഇവിടെ തേവർക്ക് കൊന്നപ്പൂവ് കൊണ്ട്
ഒരു തിരുമുടി മാല  കെട്ടി കൊടുക്കേണ്ടതുകൊണ്ട്  വീട്ടില്‍  കണി വെയ്ക്കാൻ ഒരു ഇതൾ കിട്ടിയാലെങ്കിലും മതി പക്ഷെ അകത്തേക് മാലകെട്ടാൻ ഉള്ള പൂവ് എങ്ങനെയെങ്കിലും ഒപ്പിക്കണം.

വേറെ ഒന്നിനും കൃത്യനിഷ്ഠ ഇല്ല എങ്കിലും രാവിലെ കളിക്കാൻ എല്ലാരും കറക്റ്റായി എത്തും. കളി തുടങ്ങുന്നതിനു മുമ്പേ കൊന്ന പൂവ് പറിക്കാൻ പോകും, വെയില് മൂക്കുന്നതിന് മുന്നേ തിരിച്ച് വരും, എല്ലാവരും തുല്യമായിട്ട് പങ്ക് വെയ്ക്കുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു ദേഷ്യവും വിഷമവും ഒക്കെ കാണും, "ഹും ഞാൻ കഷ്ടപ്പെട്ട് അതിന്റെ മുകളിൽ കേറി പറിച്ചിട്ട് എനിക്ക് ഇത്ര ഉള്ളോ" ഇങ്ങനെയുള്ള ചോദ്യവും കേൾക്കാം. എന്തായാലും രാവിലെ തന്നെ കൊന്നപ്പൂ കൊണ്ടുെ കൊടുത്താൽ സ്വസ്ഥമായി കളിക്കാൻ പോകാം,അല്ലെങ്കിൽ അറിയല്ലോ കാര്യങ്ങൾ, പച്ചക്കറി പിന്നെ അച്ഛൻ ജോലി കഴിഞു വരുമ്പോൾ കൊണ്ടുവരും.അതുകൊണ്ടു ആകാര്യത്തിൽ ചീത്ത പറയില്ല .
രാത്രി ആയാൽ  കൂട്ടുകാർ അവരവരുടെ വീട്ടിൽ ഒന്നു പൊട്ടിച്ച (പടക്കം) ശേഷം നേരെ ഇങ്ങട് വരും, ഇവിടെ അമ്പലത്തിന്റെ മുന്നിൽ ആണ് ഞങ്ങളുടെ തട്ടകം.. രാത്രി വൈകിയും വരെ കമ്പിത്തിരിയും ചക്രവും മേശപൂവും ഒക്കെ കത്തിച്ച് ആഘോഷിക്കും. അപോഴെക്കും വിളി വന്നിട്ടുണ്ടാകും, ഒന്ന് പോയി ഉറങ്ങു പിള്ളേരെ നാളെ വെളുപ്പിനെ എഴുന്നേല്കണ്ടതല്ലേ എന്നു ചോദിച്ചു. പിറ്റേ ദിവസം വെളുപ്പിനെ നാലു മണിക്ക് എഴുന്നേറ്റു തട്ടി വീഴാതെ ഇരിക്കാൻ അമ്മ പിടിച്ചിട്ടുണ്ടാകും കണ്ണടച്ചു നേരെ കണിയുടെ മുന്നിലെത്തി കണ്ണു തുറന്നു പ്രാർത്ഥിക്കുന്നു.
അന്നൊക്കെ പ്രാർത്ഥിക്കുന്നത് ഇന്നത്തെ പോലെ ഭാവിജീവിതം എവിടെ എങ്കിലും സുരക്ഷിതമായി എത്തിക്കണെ, മനസമാധാനം വേണേ എന്നൊന്നും അല്ല ,അമ്മാത്തെ മുത്തശ്ശനും മുത്തശ്ശിയും കഴിഞ്ഞതവണ തന്നതിനെക്കാൾ കൈനീട്ടം കടുതൽ തരുമോ, അമ്മാവനും ചിറ്റമാരും എത്രയാണാവോ തരുന്നത്, പുതുതായി ഇത്തവണ ആരെങ്കിലും തരുവോ, സാധാരണ നാണയം തരുന്നവർ നോട്ടായി തരണേ ഇതാക്കെ ആയിരുന്നു പ്രാർത്ഥന. ഇതൊക്കെ കിട്ടിയിട്ട് വേണം സ്‌ലാസഞ്ചര് വി 100 ,ടർബോ ,മാരുതി ,പവർ ടെന്നീസ് ബോൾ ഇതൊക്കെ മേടിക്കാൻ.അങ്ങനെ എല്ലാവരും കണിയുടെ ചുറ്റിനുമിരിക്കും. ഉരുളിയിൽ ഇട്ടിരിക്കുന്ന നാണയങ്ങളും സ്വർണ്ണ മോതിരവും രണ്ട് കൊന്ന പൂക്കളും ചേർത്ത് എടുത്ത് മുത്തശ്ശി ആദ്യം ഇരു കൈയ്യും ചേർത്തു പിടിച്ചു പ്രാർത്ഥിക്കുന്നു, ശേഷം അഛനു കൈമാറുന്നു.പിന്നെ അമ്മയിലേക്കും അമ്മ എന്റെ കൈയ്യിലേക്കും ഞാൻ അനിയന്റെ കൈയ്യിലേക്കും കൈമാറുന്നു. ശേഷം മുത്തശ്ശിയുടെ കൈയ്യിൽ കൊടുത്തിട്ട് മുത്തശ്ശി അത് ഉരുളിയിലേക്ക് തന്നെ വെയ്ക്കുന്നു.പിന്നീട് കാത്തിരുന്ന സമയം ആയി, മുത്തശ്ശി മടിക്കുത്തിൽ നിന്ന് നാണയങ്ങൾ എടുത്തു എല്ലാവർക്കും വിഷുകൈനീട്ടം നൽകുന്നു.എല്ലാ മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കം പേരക്കുട്ടികളോട് ഒരുപ്രത്യേക വാത്സല്യം കാണുമല്ലോ, അതു കൊണ്ട് അച്ഛനും അമ്മയും ഒന്ന് മാറി കഴിഞ്ഞാൽ തലയിണയുടെ അടിയിൽ നിന്നും മുത്തശ്ശി കുറച്ചു കൂടി തരും പൈസാ.
 പിന്നെ നേരെ കുളി കഴിഞ്ഞ് ക്ഷേത്രത്തിലേക്ക്, (പണ്ടുകാലത്ത് അഛനൊക്കെ ക്ഷേത്രത്തിനകത്താണ് വിഷുവിന് തലേ ദിവസം ഉറങ്ങാറ് എന്ന് കേട്ടിട്ടുണ്ട്.ആണ്ടവനെ കണികാണാൻ).തൊഴുതു വന്ന ശേഷം കുറച്ചു നേരം കമ്പിത്തിരി കത്തിക്കലായി. അപ്പോഴേക്കും നേരം പുലർന്നിട്ടുണ്ടാകും, പിന്നെ നേരെ ക്ഷേത്രത്തിൽ പോയി ഉഷ: ശിവേലിക്ക് വിളക്കെടുക്കാൻ പോകും.ഉഷ ശീവേലിക്കു പോകുവാനുള്ള പ്രധാന കാരണമെന്താന്നു വെച്ചാൽ അച്ഛനെ സംബന്ധിച്ചിടത്തോളം ബാങ്ക് അവധി ആയതു കൊണ്ട് സ്വസ്ഥമായി ഇരിക്കാം എന്നുള്ളതാണ്.അപ്പോ ഞങ്ങൾ ആരെങ്കിലും േപാവേണ്ടി വരും. ബുദ്ധിപരമായി ആലോചിച്ചപ്പോൾ ഞാൻ രാവിലെ ഉഷ: ശീവേലിക്ക് പോകാം എന്നായി, ആ സമയത്ത് ടി.വിയിൽ പരിപാടികൾ ഒന്നുമില്ല .ഉച്ചപൂജ സമയത് ആവുമ്പോൾ ടി വി യിൽ പരിപാടികളുണ്ട്, അതുകൊണ്ട് ഉച്ച പൂജക്ക് അനിയനെ പറഞ്ഞയച്ചു എനിക്ക് വിഷു സ്പെഷ്യല്‍ പരിപാടികള്‍ കാണാം.

രാവിലത്തെ ഭക്ഷണത്തിനു ശേഷം കുട്ടുകാർ ഓരോരുത്തരായി അവരുമേടിച്ച പടക്കങ്ങളുമായി എത്തും. ഞങ്ങളുടെ പ്രധാന പണി വല്ല മരങ്ങളുടെ പൊത്ത്, ബക്കറ്റ് ഇതിന്റെ ഒക്കെ ഉള്ളിൽ ഗുണ്ട് വെച്ച് തകർക്കുക, പിന്നെ ആഞ്ഞിലിത്തിരി വെച്ച് പടക്കങ്ങൾ പൊട്ടിക്കുക.തിരിച്ചു വന്ന് നേരെ ടി വി യുടെ മുന്നിൽ കുത്തിയിരിക്കുക.അപ്പോഴേക്കും ഊണു കഴിക്കാറാവും.നിലവിളക്ക് കൊളുത്തി അതിനു താഴെ ഇലയിട്ട് വിളക്കത്തു വെച്ചു അതിൽ എല്ലാം വിളമ്പിയ ശേഷം ഇമ്മടെ ഇലയിലേക്കും..മാമ്പഴം ഉണ്ടങ്കിൽ മാമ്പഴകൂട്ടാൻ, അലെങ്കിൽ വെള്ളരിക്കയും മാങ്ങയും കൊണ്ടുള്ള കൂട്ടാൻ, ചക്ക എരിശ്ശേരി ഇതൊക്കെയാണ് ഇവിടെ പതിവ്.
ഊണ് കഴിഞ്ഞാൽ പിന്നെ ശ്രീനാഥും ദ്രാവിഡും ജഡേജ (ഇന്നത്തെ രവീന്ദ്ര അല്ല അന്നത്തെ അജയ് ജഡേജ )യുമൊക്കെ റെഡിയായിട്ടുണ്ടാകും കളിക്കാൻ.വിഷുവിന് ഉച്ചക്ക് ശേഷം യാത്രയോ അല്ലെങ്കിൽ സിനിമക്ക് പോകുകയോ അതൊന്നും പതിവില്ല. ഇന്ന് ഊണ് കഴിഞ്ഞാൽ ഉറക്കം ടി.വി.കാണൽ ഇതുതന്നെ പ്രധാന പരിപാടി.ഇന്ന് എല്ലാം മാറി അഛന്റെയും മുത്തശ്ശിയുടെയുമൊക്കെ ഓർമ്മകൾ മാത്രം.കൊന്നപ്പൂവ് കിട്ടാനില്ല. പിന്നെ പടക്കം, കമ്പിത്തിരി തുടങ്ങിയ വിഷു സ്പെഷ്യൽ ഐറ്റംസ് മേടിക്കുന്നത് കുറഞ്ഞു.സൗഹൃദങ്ങൾ ഉള്ള എല്ലാവരും തിരക്കായി. രാവിലെ കണികൊണ്ടു തൊഴുക, ക്ഷേത്ര ദർശനം നടത്തുക,പിന്നെ അമ്മയ്ക്ക് പറ്റുന്നതു പോലെ എന്തേലും ഉണ്ടാക്കുക.ഇന്നത് വേണമെന്ന് യാതൊരു നിർബന്ധവും ഇപ്പോ ഇല്യ. ഇതൊക്കെയായി അവസ്ഥ.ഇത്തവണത്തെ വിഷു ഇതാ എത്തിക്കഴിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാതെ പറ്റിയ ഒരു സംഭവം കാരണം തീർത്തും നിരാശനാണ്, എല്ലാ ആഘോഷങ്ങളും നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന് കാണേണ്ടി വരും എന്ന് കരുതിയെങ്കിലും ഇടയ്ക്ക് മാത്രം അല്പം നടന്നു നോക്കു എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട്, നാളത്തെ ദിവസത്തിനായി കാത്തിരിക്കുകയാ, കുറച്ചു ദിവസമായി ഇമ്മടെ തേവരെ ഒന്ന് നേരിൽ കണ്ടിട്ട് , ഒരു ചെറിയ ഗ്യാപ്പിനു ശേഷം വീണ്ടും തേവരുടെ അടുത്തേക്ക് ചെല്ലുകയാ. അപ്പോൾ തത്കാലം നിർത്തുന്നു വീണ്ടും കാണാം.

https://www.facebook.com/satheeshm.narayananunni

Comments

Popular posts from this blog

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ്‌ .വൈപ്പിന്‍ 1

വഞ്ചിപ്പാട്ടിന്റെ ഈരടികളില്‍ മതിമറന്നൊരു ആറന്മുള വള്ള സദ്യ

പതിവ് തെറ്റിക്കാതെ ഇത്തവണയും കൂടു ഒരുക്കുവാന്‍ തൂക്കണാം കുരുവികൾ എത്തി